ചരിത്രത്തില്‍ കേരളത്തിന്‍റെ കയ്യൊപ്പാണ് മുസിരിസ് സ്‌പൈസ്‌റൂട്ട്: കെടിഎം വിദേശ പ്രതിനിധികള്‍

187
????????????????????????????????????

കൊച്ചി: കേരള ടൂറിസത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ മുസിരിസ് സ്‌പൈസ് റൂട്ടിലൂടെയുള്ള സഞ്ചാരം വിദേശികളടക്കമുള്ള കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് സജീവമായിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകളുടെ നേര്‍ക്കാഴ്ച പലരെയും അത്ഭുതപ്പെടുത്തി.
കേരള ട്രാവല്‍മാര്‍ട്ടില്‍ പ്രതിനിധികളായെത്തിയവര്‍ക്കാണ് മുസിരിസ് സ്‌പൈസ് റൂട്ട് യാത്ര ഒരുക്കിയത്. പട്ടണം ഉദ്ഖനന സ്ഥലമായിരുന്നു ആദ്യം സന്ദര്‍ശിച്ചത്. ബി സി അഞ്ഞൂറാമാണ്ടില്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന മണ്‍പാത്രങ്ങളും കളിമണ്‍ നിര്‍മ്മിതികളും പ്രദര്‍ശനത്തിനു വച്ചിരുന്നു. അന്നത്തെ മനുഷ്യന്റെ കൈരേഖ പതിഞ്ഞ വസ്തുക്കള്‍ ഇന്ന് കണ്ടത് അത്ഭുതകരമാണെന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഗോര്‍ഡണ്‍ ഹാമണ്ട് പറഞ്ഞു. ചരിത്രത്തിലേക്ക് ചാര്‍ത്തിയ കയ്യൊപ്പെന്നാണ് അവയെ ഗോര്‍ഡണ്‍ വിശേഷിപ്പിച്ചത്.പൈതൃക ടൂറിസം പദ്ധതികള്‍ക്ക് ലോകമെമ്പാടും സന്ദര്‍ശകര്‍ ഏറി വരുകയാണെന്ന് അമേരിക്കയിലെ ടെക്‌സാസില്‍ നിന്നെത്തിയ പോള്‍ സാല്‍മോണ്‍ പറഞ്ഞു. അതിനാല്‍ തന്നെ വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയെന്നു വിശേഷിപ്പിച്ച കേരളത്തിന് ഇതില്‍ മികച്ച സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു സംസ്‌കാരങ്ങളോട് കേരളം കാണിച്ച സഹിഷ്ണുതയുടെ പ്രതീകമാണ് പറവൂരിലെ ജൂതപ്പള്ളിയെന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ടോംമൂര്‍ അഭിപ്രായപ്പെട്ടു. ചരിത്രസ്മാരകങ്ങള്‍ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ കേരള ടൂറിസം കാണിക്കുന്ന ശ്രദ്ധയെയും അദ്ദേഹം അഭിനന്ദിച്ചു.മറ്റ് സംസ്‌കാരങ്ങളുടെ പ്രതീകങ്ങളെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇന്ത്യ കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്ന് ചൈനയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഡാ ജിയാങ്‌വാങ് പറഞ്ഞു. ചൈനയിലും ജൂതപ്പള്ളികളുണ്ടെങ്കിലും അവയെല്ലാം അഭയാര്‍ത്ഥികളായെത്തിയവര്‍ പണിതതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലുള്ളവ വര്‍ഷങ്ങളുടെ ചരിത്രം പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുസിരിസും ജൂതപ്പള്ളിയും കൂടാതെ പാലിയം കൊട്ടാരം, കോട്ടപ്പുറം എന്നീ സ്ഥലങ്ങളും 80 പേരടങ്ങുന്ന സംഘം സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY