കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ, കേരള ട്രാവല്‍ മാര്‍ട്ടിനെ വന്‍വിജയത്തിലേക്ക് നയിച്ചുകൊണ്ട് മൂന്നു ദിനങ്ങളിലായി ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടന്നു. മുന്‍നിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകള്‍ ട്രാവല്‍ മാര്‍ട്ടില്‍ നടന്നത്. ആദ്യ രണ്ടു ദിവസങ്ങളില്‍ അറുപതിനായിരത്തോളം ബിസിനസ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അവസാന ദിവസം പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ നാല്‍പ്പതിനായിരത്തോളം മുന്‍കൂട്ടി നിശ്ചയിച്ചതല്ലാത്ത ബിസിനസ് കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായെന്ന് സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു.അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം അധികൃതരെ കൂടാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേ ഉടമകള്‍ എന്നിവരും കെടിഎമ്മില്‍ സജീവ പങ്കാളികളായിരുന്നു.
സെല്ലര്‍മാര്‍ക്ക് നിലവാരവും വാങ്ങല്‍ശേഷിയുമുള്ള ബയര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ കഴിഞ്ഞു. ആദ്യമായി എത്തിയവര്‍ക്കുപോലും ബിസിനസ് വ്യാപ്തി വര്‍ധിപ്പിക്കാനായി. ബയര്‍മാരുടെയും സെല്ലര്‍മാരുടെയും പ്രതികരണം ആവേശമുണര്‍ത്തുന്നതായിരുന്നുവെന്നും ഏബ്രഹാം ജോര്‍ജ് പറഞ്ഞു. 1380 വിദേശ-തദ്ദേശ പ്രതിനിധികളാണ് കെടിഎം -2016ല്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഉത്തരവാദിത്ത ടൂറിസവും മുസിരിസ്-സ്‌പൈസ് റൂട്ടുമായിരുന്നു പ്രമേയങ്ങള്‍. പ്രാദേശിക സമൂഹങ്ങള്‍ക്കു കൂടി നേട്ടമുണ്ടാകുന്ന ടൂറിസം വികസനമാണ് കെടിഎമ്മിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹൃദ, ഉത്തരവാദിത്ത ടൂറിസത്തിനായി ഒന്‍പതിന അജന്‍ഡയും കെടിഎം സ്വീകരിച്ചതായി ഏബ്രഹാം ജോര്‍ജ് പറഞ്ഞു.
മാലിന്യ സംസ്‌കരണം, ജൈവക്കൃഷി, മിതമായ ഊര്‍ജ ഉപഭോഗം, പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം എന്നിവയാണ് ഒന്‍പതിന അജന്‍ഡ ലക്ഷ്യമിടുന്നത്. മഴവെള്ളക്കൊയ്ത്ത്, പ്ലാസ്റ്റിക്കിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗം, കൂടുതല്‍ ഹരിതാഭമായ ചുറ്റുപാടുകള്‍ എന്നിവയും ലക്ഷ്യങ്ങളാണ്. കേരളത്തിന്റെ തനതു കലയും സംസ്‌കാരവും ഭക്ഷണശൈലികളും പരിചയപ്പെടുത്തുന്നതിനായി ട്രാവല്‍മാര്‍ട്ടിനു ശേഷം പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് പ്രതിനിധികള്‍ക്കായി യാത്രകളും ഒരുക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ കെടിഎം പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, സെക്രട്ടറി ജോസ് മാത്യു, ട്രഷറര്‍ ജോസ് പ്രദീപ്, കെടിഎം മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക്, റിയാസ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.