കൊച്ചി: സെല്ലറും ബയറും തമ്മില്‍ നേരിട്ടുള്ള ബന്ധം ഒരുക്കുന്നതിനും, പ്രതിയോഗികളെ വിലയിരുത്തുന്നതിനും സേവനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും ഡിജിറ്റല്‍ യുഗത്തില്‍ ട്രേഡ് ഷോകള്‍ അവസരം ഒരുക്കുന്നതായി ജര്‍മനിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ കണ്‍വെന്‍ഷനായ ഐറ്റിബി ബെര്‍ലിന്റെ സിഎസ്ആര്‍ മേധാവി റിക്ക ജീന്‍ ഫ്രാന്‍ഷ്വ പറഞ്ഞു. ഡിജിറ്റൈസേഷനും ട്രാവല്‍ മാര്‍ട്ടുകളുടെ പ്രാധാന്യവും എന്ന വിഷയത്തില്‍ കേരള ട്രാവല്‍ മാര്‍ട്ട്-2016ന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിബന്ധങ്ങള്‍, വിശേഷിച്ച് ഓരോ ഉത്പ്പന്നങ്ങള്‍ക്കും സവിശേഷതയുള്ള സന്ദര്‍ഭത്തില്‍, മര്‍മ്മപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു വൈബ്‌സൈറ്റിനേക്കാള്‍ വിശദമായി ഓരു ട്രാവല്‍ ഷോയില്‍ പ്രതിഫലിപ്പിക്കാനാവും. കെടിഎം ഇതിനൊരു മികച്ച ഉദാഹരണമാണ്. ഐറ്റിബി പോലെയുള്ള ട്രാവല്‍ ഷോകളിലേക്ക് എത്തപ്പെടാന്‍ സാധിക്കാത്ത ചെറിയ, ഇടത്തരം കമ്പനികള്‍ക്ക് കെടിഎം നെറ്റ്‌വര്‍ക്കിംഗ് വേദിയൊരുക്കുന്നതായും റിക്ക ജീന്‍ ഫ്രാന്‍ഷ്വ കൂട്ടിച്ചേര്‍ത്തു.
കെടിഎം മാതൃക അതുല്യമാണെന്നും ഇതുപോലെ മറ്റൊന്ന് കാണാന്‍ കഴിയില്ലെന്നും കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് ചൂണിക്കാട്ടി. ടൂറിസം വ്യവസായത്തിലെ അംഗങ്ങള്‍ക്കായി അംഗങ്ങള്‍ തന്നെ നടത്തുന്നതാണ് കെടിഎം. ബയര്‍മാരുടെയും സെല്ലര്‍മാരുടെയും നേട്ടത്തിനായി സംഘാടകര്‍ മാര്‍ട്ടുകള്‍ ഒരുക്കുന്നിടത്തോളം കാലം ട്രേഡ് ഷോകള്‍ വിജയകരമായി തുടരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ മാര്‍ഗത്തില്‍ വ്യവസായം നടത്തുന്നത് ഒറ്റ മുറിപോലും ഇല്ലാത്തവര്‍ക്ക് ഏറ്റവും വലിയ ഹോട്ടല്‍ വ്യവസായി ആകാനും ഒറ്റ കാര്‍ പോലും ഇല്ലാത്തവര്‍ക്ക് ഏറ്റവും വലിയ കാര്‍ ഓപ്പറേറ്റര്‍ ആകാനും അവസരം സൃഷ്ടിക്കുമെന്ന് എയര്‍ ബിഎന്‍ബിയുടേയും യുബറിന്റെയും വിജയകഥകള്‍ ഉദാഹരണമാക്കിക്കൊണ്ട് സെമിനാറില്‍ മോഡറേറ്ററായിരുന്ന കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ കൂടിക്കാഴ്ച്ചകള്‍ ഒരുക്കുന്നതിനാല്‍ ട്രേഡ് ഷോകള്‍ ഇനിയും തുടരുമെങ്കിലും 365 ദിവസവും കൂടിക്കാഴ്ച്ചയും ഡിജിറ്റല്‍ സാന്നിധ്യവും ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഡിജിറ്റൈസേഷന്‍ ഇതിന് അനുബന്ധമാകും. ഡിജിറ്റല്‍ മാധ്യമം കൂടുതല്‍ ജനാധിപത്യപരവും പങ്കാളിത്തപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വ്യവസായങ്ങളും ഡിജിറ്റൈസേഷന്‍ ഒരുക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കുകയാണ് വേണ്ടതെന്ന് കെടിഎം ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റ് പി. കൃഷ്ണകുമാര്‍ പറഞ്ഞു. കേരളത്തിനുവേണ്ടി ശ്രീലങ്കയിലും യൂറോപ്പിലും പ്രചരണ പരിപാടികള്‍ നടത്തുന്ന ട്രാവല്‍ ഏജന്റുകളായ സുമി അട്ടപ്പട്ടു, ബീറ്റ് ജര്‍മ്മന്‍ എന്നിവരും സംസാരിച്ചു.