ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് തൊഴില്‍ പ്രഖ്യാപനം നടത്തി
സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി 19,316 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി കുടുംബശ്രീ. ‘അതിജീവനം കേരളീയം’ ക്യാമ്പെയിനില്‍ ഉള്‍പ്പെടുത്തിയാണ് 60 ദിവസങ്ങള്‍കൊണ്ട് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കിയത്. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് തൊഴില്‍ ലഭ്യമാക്കിയതിന്റെ ഓണ്‍ലൈന്‍ പ്രഖ്യാപനം നടത്തി.
60 ദിവസത്തിനുള്ളില്‍ 19,316 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നില്‍ പരിശ്രമിച്ച കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ മുഴുവന്‍ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.
കാര്‍ഷികേതര മേഖലയിലും വരുമാന ലഭ്യത ഉറപ്പു തരുന്ന വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അയല്‍ക്കൂട്ട വനിതകള്‍ക്ക് പിന്തുണ നല്‍കണമെന്നും ക്യാമ്പെയ്‌ന്റെ ഭാഗമായി അയല്‍ക്കൂട്ട തലത്തില്‍ സംഘടിപ്പിക്കുന്ന പൊതു അവബോധനം, സംരംഭകത്വ വികസനം, തൊഴില്‍ നൈപുണ്യം എന്നീ മേഖലകളിലെ വിദഗ്ധ പരിശീലനം മികച്ച സംരംഭകരെ വാര്‍ത്തെടുക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയായി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പറഞ്ഞു.
സൂക്ഷ്മസംരംഭങ്ങള്‍, ജനകീയ ഹോട്ടല്‍, എസ്.വി.ഇ.പി, ഡിസ്ഇന്‍ഫെക്ഷന്‍ ടീം, എറൈസ് ടീം, ഡി.ഡി.യു.ജി.കെ.വൈ, വിപണന കിയോസ്‌കുകള്‍, ഹോംഷോപ്പ്, മൃഗ സംരക്ഷണം, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണ സംരംഭങ്ങള്‍, പ്രാദേശിക തൊഴിലുകള്‍, മറ്റ് വേതനാധിഷ്ഠിത തൊഴിലുകള്‍ എന്നീ മേഖലകളിലാണ് ഇത്രയധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയത്.
സ്വയംതൊഴില്‍ മേഖലയില്‍ 17,482 പേര്‍ക്കും വേതനാധിഷ്ഠിത തൊഴില്‍ 1,654 പേര്‍ക്കും ലഭ്യമാക്കാന്‍ സാധിച്ചു. ജോലി ലഭ്യമായ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി എംപ്‌ളോയ്‌മെന്റ് ട്രാക്കിങ്ങ് സോഫ്റ്റ് വെയറും കുടുംബശ്രീ രൂപീകരിച്ചിരുന്നു. നിലവില്‍ 16,733 പേരുടെ വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. ബാക്കി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍, സിഡിഎസ്, എസിഎസ് ഭാരവാഹികള്‍, സിഡിഎസ് അക്കൗണ്ടന്റ്മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സിമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.