സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി കൈപിടിച്ച് അരികെ ചേർക്കാനും അവർക്കാവശ്യമായ സുരക്ഷയും മാനസിക പിന്തുണയും നൽകാനുമായി സജ്ജീകരിച്ച കുടുംബശ്രീയുടെ സ്‌നേഹിത കോളിങ് ബെല്ലിന്റെ പ്രവർത്തന ങ്ങളുടെ ജില്ലാതല വാരാചരണം നവംബർ 15 മുതൽ ഈ മാസം 21 വരെ നടക്കും. കുടുംബശ്രീ അയൽക്കൂട്ട ആരോ ഗ്യദായക വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്കുള്ള മാനസിക പിന്തുണയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും അവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും അതിക്രമത്തിന് ഇരയായവർക്ക് സംരക്ഷണവും പുനരധിവാസവും നൽകുന്നതിനും സ്‌നേഹിത കോളിങ് ബെല്ലിലൂടെ സാധിക്കും. ഓരോ അയൽക്കൂട്ട പരിധിയിലും ഒറ്റപ്പെട്ടു താമസിക്കുന്നവരെ കണ്ടെത്തും. പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ജനപങ്കാളിത്തം, സർക്കാർ-സർക്കാരിതര ഏജൻസികളുടെ പിന്തുണ, തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ എന്നിവയും ഉറപ്പാക്കും.
സാമൂഹിക സാമ്പത്തിക ജീവിത സാഹചര്യങ്ങൾ മെച്ചമെങ്കിലും ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നവരും സാമൂഹിക സാമ്പത്തിക ജീവിത സാഹചര്യങ്ങൾ മോശമായവരും ഉണ്ട്. ഇവരെയെല്ലാം ഇതിന്റെ പരിധിയിൽ കൊണ്ടുവന്ന് സുരക്ഷിതത്വവും മാനസിക പിന്തുണയും നൽകലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാരെയും ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ സ്‌നേഹിത കോളിങ് ബെല്ലിലൂടെ ഇതേവരെ 5039 പേരെയാണ് കണ്ടെ ത്തിയിരിക്കുന്നത്. ഇതിൽ 4083 സ്ത്രീകളും 956 പുരുഷന്മാരും ഉണ്ട്. 18 വയസ്സിനു താഴെയുള്ള എട്ട് ആൺകുട്ടികളും 10 പെൺകുട്ടികളും ഇതിന്റെ പരിധിയിൽ വരും. 18 വയസ്സു മുതൽ 60 വയസ്സുവരെയുള്ള 520 പുരുഷന്മാർ, 2830 സ്ത്രീകൾ എന്നിവരെ കണ്ടെത്തി. 60 വയസ്സിന് മേൽപ്രായമുള്ള 428 പുരുഷന്മാരും 1243 സ്ത്രീകളും സ്‌നേഹിത കോളിങ് ബെല്ലിലൂടെ സുരക്ഷിതരായവരാണ്.
സ്‌നേഹിത കോളിങ് ബെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ വിഭാഗം വ്യക്തി കളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ്. ഇതിലൂടെ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾ, മുതിർന്ന പൗരന്മാർ, വൃദ്ധ ദമ്പതികൾ എന്നിവരുമായി സംവദിക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്യും. ഇത്തരം ആളുകളെ കണ്ടെത്തി സമൂഹവുമായി ബന്ധപ്പെടുത്തി ഒറ്റപ്പെടലിൽ നിന്നു മുക്തരാക്കും. ഒറ്റപ്പെട്ട് കഴിയുന്നവരിൽ സ്ത്രികളെ കുടുംബശ്രീ അയൽക്കൂട്ടമായും പകൽവീടുമായും ബന്ധപ്പെടുത്തും. അത്തരം കേന്ദ്രങ്ങളിൽ മാനസികോ ല്ലാസത്തിനാവശ്യമായ സംവിധാനം ഏർപ്പെടുത്തും. കൂടാതെ ഉപജീവനമാർഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള പ്രേരണയും പരിശീലനവും നൽകും. ഇവരെ വിവിധ ക്ഷേമപദ്ധതി കളുമായും കൂട്ടിയിണക്കും.
മക്കൾ വിദേശത്തുള്ള വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്‌നേഹിത കോളിങ് ബെൽ പ്രത്യേക്ം ശ്രദ്ധിക്കും. ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് കൂട്ടിരിപ്പ്, വൈദ്യസഹായം, മറ്റു അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കൽ എന്നീ കാര്യങ്ങളിലും ശ്രദ്ധ പുലർത്തും.
സ്‌നേഹിത കോളിങ് ബെൽ സ്വീകർത്താക്കളുടെ പ്രശ്‌നങ്ങൾ പൊതുജനത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനും സർക്കാരിന്റെ നയരൂപീകരണ പദ്ധതികളിലും ഇവരുടെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുമായി മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ, പോലീസ് ചീഫ്, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും നടത്തും.
സ്‌നേഹിത കോളിങ് ബെല്ലിലൂടെ സ്വീകർത്താക്കളെ കുടുംബശ്രീ പ്രവർത്തകർ നേരിട്ട് കണ്ടെത്തി അവരുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സേവനങ്ങളാണ് നടത്തി വരുന്നത്.