ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം വീണ്ടും പാക്കിസ്ഥാന്‍ തള്ളി. പതിനെട്ടാം തവണയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. കുല്‍ഭൂഷണ്‍ ജാദവ് ഒരു സാധാരണ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ജാദവ്, ഹമീദ് നെഹാല്‍ അന്‍സാരി എന്നിവരടക്കം പാക് ജയിലിലുള്ള ഇന്ത്യന്‍ തടവുകാരെ കാണാന്‍ അനുമതി വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഇവരെ ഉടന്‍ കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും, ഒട്ടേറെ പാക് പൗരന്‍മാരുടെ മരണത്തിന് ഇയാള്‍ കാരണമായെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.