കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു

289

ഹേഗ്: ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. വിധിക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നിരിക്കുന്നത്. ലോക തലത്തില്‍ തന്നെ പാകിസ്താന് വന്‍ തിരിച്ചടി നല്‍കുന്നതാണ് വിധി. കേസില്‍ അന്തിമവിധി വരുന്നത് വരെയാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. കേസില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വാദം ഈ മാസം 15ന് അവസാനിച്ചിരുന്നു. 11 അംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. അന്താരാഷ്ട്ര നീതിന്യാ കോടതി പ്രസിഡന്റ് ജഡ്ജി റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. കുല്‍ദീപിന്റെ വധശിക്ഷ മാറ്റിവെക്കണമെന്ന് പാകിസ്താനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയുടേയും കുല്‍ഭൂഷണിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അന്തിമവിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമവിധി വരുന്നത് വരെ കുല്‍ഭൂഷണ്‍ ജിവനോടെ ഇരിപ്പുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത പാകിസ്താനുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന പാകിസ്താന്റെ വാദം അന്താരാഷ്ട്ര കോടതി തള്ളി. കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് വിധി പ്രസ്താവിച്ച ഐസിജെ പ്രസിഡന്റ് റോണി എബ്രഹാം പറഞ്ഞു. വിഷയം അന്താരാഷ്ട്ര കോടതിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് ജഡ്ജി വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അനുവദിക്കാഞ്ഞത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്.

കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കോടതി ഈ മാസം 10 ന് ശിക്ഷ സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 15 ഹര്‍ജി പരിഗണിച്ച കോടതി ഇരുരാജ്യങ്ങളുടേയും വാദം കേട്ടു. കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ശിക്ഷ റദ്ദാക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ജാദവിനെ ഇറാനില്‍ നിന്നും പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി കുറ്റം ചുമത്തുകയായിരുന്നെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ജാദവിന് നിയമസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അത് നിരസിക്കുകയായിരുന്നെന്നും ജാദവിന്റെ അറസ്റ്റ് നടന്ന വിവരം പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം രാജ്യം അറിഞ്ഞതെന്നും ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും ജാദവിന് നിയമസഹായം നല്‍കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും സാല്‍വെ വ്യക്തമാക്കി. എന്നാല്‍ കേസില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന നിലപാടാണ് പാകിസ്താന്‍ കൈക്കൊണ്ടത്. വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ കുല്‍ഭൂഷണിന് ലഭിക്കില്ലെന്നും പാകിസ്താന്‍ വാദിച്ചു. ജാദവ് ഇന്ത്യന്‍ ചാരനാണെന്നും ഇക്കാര്യം ജാദവ് സമ്മതിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കുറ്റസമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതി അനുവാദം നല്‍കാഞ്ഞത് പാകിസ്താന് തിരിച്ചടി ആയിരുന്നു. ഏപ്രില്‍ പത്തിനാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ യാദവ് പാകിസ്താനില്‍ പിടിയിലായത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റ ആരോപണം. എന്നാല്‍ ഈ അവകാശവാദം തള്ളിയ ഇന്ത്യ ഇദ്ദേഹം നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍ക്കാരുമായി യാതൊരു ബന്ധവും ഇല്ലെന്നും നിരന്തരം വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ ആര്‍മി ആക്ട് അനുസരിച്ച് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലിലാണ് കുല്‍ഭൂഷണിന്റെ വിചാരണ നടന്നത്. ഇറാനില്‍ നിന്നും പാകിസ്താനിലെത്തിയ കുല്‍ഭൂഷണെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്. ചാരപ്രവര്‍ത്തി ചെയ്ത കാര്യം കുല്‍ഭൂഷണ്‍ തന്നെ കുറ്റസമ്മതം നടത്തിയെന്ന് പാകിസ്താന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ (റോ) ആവശ്യമനുസരിച്ച് പാകിസ്താനെ അസ്ഥിരമാക്കാനും പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കാനും തന്നോട് ആവശ്യപ്പെട്ടതായി കോടതിയില്‍ കുറ്റസമ്മതം നടത്തിയ ആളാണ് കുല്‍ഭൂഷണ്‍ എന്ന് ഐഎസ്പിആര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY