ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പിടിയിലായ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തൽകാലം നടപ്പിലാക്കില്ലെന്ന് പാകിസ്ഥാൻ. വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി നിലനിൽക്കില്ലെന്ന് പാകിസ്ഥാൻ വീണ്ടും ആവർത്തിക്കുകയുണ്ടായി. മാധ്യമങ്ങളെ ഉപയോഗിച്ച് ഇന്ത്യ കേസിൽ തെറ്റായ പ്രചാരണം നടത്താൻ ശ്രമിക്കുന്നുവെന്നും പാകിസ്ഥാൻ വാദിച്ചു. കേസിൽ അന്തിമവിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കില്ലെന്ന് രാജ്യന്തര കോടതി ജഡ്‌ജി റോണി എബ്രഹാം ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ തത്ക്കാലത്തേക്ക് നിർത്തി വെയ്ക്കുന്നതായി പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്.