ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. കെ.സി വേണുഗോപാല്‍, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. മന്ത്രിസഭാ യോഗത്തിനു മുന്നോടിയായാണ് നിര്‍ണായക കൂടിക്കാഴ്ച. കുമാരസ്വാമി രാജിവയ്ക്കാൻ സാധ്യതകളേറെയാണ് . ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം നിയമസഭ പിരിച്ചു വിട്ടു തെരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്യും എന്നാണു സൂചന. വിമത എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണു കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്.
കര്‍ണാടക സര്‍ക്കാരിന്റെ പ്രതിസന്ധി ആഴത്തിലാക്കി രണ്ട് എംഎല്‍എമാര്‍കൂടി രാജിവച്ചിരുന്നു. മന്ത്രി എം.ടി.ബി. നാഗരാജ്, കെ. സുധാകര്‍ എന്നിവരാണു കഴിഞ്ഞ ദിവസം സ്പീക്കര്‍ക്കു രാജി സമര്‍പ്പിച്ചത്. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി. എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 100 ആയി ചുരുങ്ങി.നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പു നേരിടുന്നതാണു നല്ലതെന്ന വികാരമാണു കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉടനടി തീരുമാനമെടുക്കുന്നതിലേക്കു കോണ്‍ഗ്രസ് നേതാക്കളെ നയിച്ചെന്നാണു സൂചന.അതേസമയം, നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ അത് അംഗീകരിക്കുമോ എന്ന സംശയവും നിലനില്ക്കുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇതിനകംതന്നെ അവകാശമുന്നയിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ബിജെപി മുന്‍ നേതാവ് കൂടിയായ ഗവര്‍ണര്‍ വാജുഭായ് ബാല എന്തു നിലപാട് കൈക്കൊള്ളും എന്നു വ്യക്തമല്ല.