കാസര്‍കോട് : കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തിലെ കുമ്പളപ്പള്ളി – ഉമിച്ചിപൊയില്‍ കോളനി റോഡിലുളള കുമ്പളപ്പള്ളി പാല ത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 4.99 കോടി രൂപയാണ് പദ്ധ തിയ്ക്കായി വകയിരുത്തിയിട്ടുളളത്. നിലവില്‍ ഇരുകരകളെയും ബന്ധിപ്പിക്കാനായി എട്ട് മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഉളള നടപ്പാലം മാത്രമാണ് ഉളളത്.
പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം ഇരുവശത്തേക്കും ഉള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 79.50 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഇരുവശത്തും 1.5 മീറ്റര്‍ നടപ്പാതയും ഉളള മൂന്ന് സ്പാനോട് കൂടിയതായിരിക്കും പുതിയ പാലം .ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ പൊതു മരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ്.എഞ്ചിനീയര്‍ വിനോദ് കുമാര്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പാലം അനുവദിക്കുന്നതിന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പുമന്ത്രിയും സ്ഥലം എം.എല്‍.എ യുമായ .ഇ.ചന്ദ്ര ശേഖരന്‍ പ്രത്യേകം താല്‍പര്യം എടുത്തിരുന്നു.