തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് പറയാൻ കഴിയില്ലെന്ന് മുതിർന്ന ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ. രാജഗോപാൽ.
കുമ്മനത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാനാകുമോ എന്നറിയില്ല. എന്നാൽ അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രാജഗോപാൽ പറഞ്ഞു.
ഇത്തവണ നേമത്തുനിന്ന് മാറിയത് സ്വന്തം തീരുമാന പ്രകാരമാണ്. പാർട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും രാജഗോപാൽ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയെ തോൽപ്പിച്ചതിന്റെ അമർഷം അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. ഇതിനാലാണ് തനിക്കെതിരേ ആരോപണങ്ങൾ ശിവൻകുട്ടി ഉന്നയിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.
പിണറായി പ്രശംസ ന്യായീകരിച്ചും രാജഗോപാൽ രംഗത്തെത്തി. എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നത് എന്റെ രീതിയല്ല. പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബിജെപി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണം. കഴിവ് തെളിയിച്ചവർക്ക് അവസരം നൽകുകയാണ് വേണ്ടത്. ഇനിയും മണ്ഡലങ്ങളിൽ ഒഴിവുണ്ടല്ലോയെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.