കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണം : കുമ്മനം രാജശേഖരന്‍

213

കൊല്ലം• കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കാരണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തുന്ന ആസൂത്രിത അക്രമം കണ്ണൂരിലെ ജനതയുടെ സ്വൈര്യജീവിതം നശിപ്പിച്ചു. സിപിഎമ്മിനൊപ്പം ഇല്ലാത്തവരെ കൊന്നൊടുക്കുന്നു. പിണറായി വിജയന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മക്കളുടെ വീടും കഴിഞ്ഞദിവസം തകര്‍ത്തു. സിപിഎം വിട്ടതുകൊണ്ടാണ് അവരെ വേട്ടയാടുന്നത്. കണ്ണൂരിലെ ക്ഷേത്രങ്ങള്‍ ബിജെപി ആയുധപ്പുരയാക്കുന്നുവെന്ന പി.ജയരാജന്റെ പരാതി പരിഹാസ്യമാണ്. ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ സിപിഎമ്മുകാരനായ പ്രതിയെ ക്ഷേത്രത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം എട്ട് സ്റ്റീല്‍ ബോംബുകള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാന്‍ ആര്‍എസ്‌എസിനെ അനുവദിക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടു മാസങ്ങളായി. ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കും. എന്നാല്‍ പ്രസ്താവനകള്‍ അല്ലാതെ അതിനുവേണ്ടി ഒരു പ്രവര്‍ത്തനവും നടത്താന്‍ സര്‍ക്കാരിനോ മന്ത്രി കെ.ടി.ജലീലിനോ സാധിച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിലപാടിനെക്കുറിച്ച്‌ അവരോടു ചര്‍ച്ച ചെയ്യുമെന്നും കുമ്മനം അറിയിച്ചു.

NO COMMENTS

LEAVE A REPLY