നോട്ടു ക്ഷാമമുണ്ടെങ്കില്‍ ഐഎസ്‌എല്‍ ഫൈനല്‍ കാണാന്‍ തിരക്ക് എങ്ങിനെ ഉണ്ടായെന്ന് കുമ്മനം രാജശേഖരന്‍

206

തിരുവനന്തപുരം: നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം നോട്ടു ക്ഷാമമാണെന്ന ആരോപണം തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നോട്ട് ക്ഷാമമില്ലെന്നു തെളിയിക്കാന്‍ അദ്ദേഹം ഉദാഹരണവും ചൂണ്ടിക്കാട്ടി. നോട്ട് ക്ഷാമമായിരുന്നെങ്കില്‍ ഐഎസ്‌എല്‍ ഫൈനല്‍ കാണാന്‍ ഇത്രയധികം തിരക്ക് കൊച്ചിയില്‍ ഉണ്ടാകില്ലായിരുന്നെന്നാണ് കുമ്മനം പറയുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടത്തിയ സമ്മേളനത്തിനാണ് കുമ്മനം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നോട്ടിനുവേണ്ടി ക്യൂനില്‍ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
മനുഷ്യച്ചങ്ങലയ്ക്കായി 650 കിലോമീറ്റര്‍ നീളത്തില്‍ ക്യൂ നില്‍ക്കാന്‍ ആര്‍ക്കും മടിയില്ല. മനുഷ്യച്ചങ്ങല്ക്കായി കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്നു ചിന്തിക്കണം. മുടങ്ങിയ റേഷന്‍ പുനഃസ്ഥാപിക്കുക, പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം.എം.മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY