ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

227

തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും പ്രതികരണം നടത്തിയതെന്നും കുമ്മനം പറഞ്ഞു. ജമ്മു കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നമാണ്.

NO COMMENTS

LEAVE A REPLY