അമിത് ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധി : കുമ്മനം രാജശേഖരന്‍

212

തിരുവനന്തപുരം• ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധിയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാമന ജയന്തി ആഘോഷിക്കുന്നുണ്ട്. ഈ അവസരത്തിലാണ് അമിത് ഷായുടെ ആശംസ. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല വിവാദമുണ്ടാക്കുന്നവര്‍. എന്തും ഏതും വിവാദമാക്കി രാഷ്ട്രീയ ലാഭം കൊയ്യാമെന്ന ചിന്ത പക്വമായ നേതൃത്വത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധിയാണ്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാമനജയന്തി ആഘോഷിച്ച അവസരത്തിലാണ് അമിത് ഷാ ആശംസകള്‍ നേര്‍ന്നത്. ഉത്തരഭാരതത്തില്‍ മാത്രമല്ല കേരളത്തിലെ തൃക്കാക്കര പോലെയുള്ള ക്ഷേത്രങ്ങളിലും വാമനജയന്തി ആചരിക്കാറുണ്ട്. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല വിവാദം സൃഷ്ടിക്കുന്നവര്‍. മാത്രവുമല്ല തിരുവോണദിനത്തില്‍ അദ്ദേഹം പ്രത്യേകമായി മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ടുതാനും. അഖിലേന്ത്യാ നേതാക്കള്‍ വാമന ജയന്തി ആശംസ അര്‍പ്പിക്കുന്നത് ഇതാദ്യമല്ല. വാമനജയന്തി ആശംസ മഹാബലിക്ക് വിരുദ്ധമാണെന്ന പിണറായിയുടേയും സുധീരന്റേയും ചിന്തകളിലെ ദുഷ്ടലാക്ക് നാടിന് ആപത്താണ്.
എന്തും ഏതും വിവാദമാക്കി രാഷ്ട്രീയ ലാഭം കൊയ്യാമെന്ന ചിന്ത പക്വമായ നേതൃത്വത്തിന് ഭൂഷണമല്ല. പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയേയും കെപിസിസി അധ്യക്ഷനേയും പോലെ ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ക്ക്. ഓണത്തിനെപ്പറ്റിയുള്ള ഐതിഹ്യം അംഗീകരിക്കുന്നവരാണ് മലയാളികള്‍. ഇന്ന് കേരളം ഭരിക്കുന്നവര്‍ക്കും നേരത്തെ ഭരിച്ചവര്‍ക്കും ഒരിക്കലും പ്രദാനം ചെയ്യാനാകാത്ത സമത്വ സുന്ദരമായ ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണവും മഹാബലിയുമൊക്കെ. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനൊപ്പം മഹാബലിയേയും അംഗീകരിച്ച്‌ ആദരിക്കുന്നവരാണ് മലയാളികള്‍. ആ ഓര്‍മ്മകളെ ആഘോഷിക്കുന്ന അവസരത്തില്‍ പോലും വിഭാഗീയത സൃഷ്ടിക്കുന്ന ചിന്തകള്‍ ചില നേതാക്കള്‍ വെച്ചു പുലര്‍ത്തുന്നത് നമ്മുടെ നാടിന്റെ ശാപമാണ്.
ഉത്തരഭാരതത്തിലെ ആഘോഷത്തിന് അര്‍പ്പിച്ച ആശംസയെ കേരളത്തോടുള്ള വെല്ലുവിളി എന്നൊക്കെ വിശേഷിപ്പിക്കാന്‍ ദുഷ്ട മനസ്സുകള്‍ക്കേ സാധിക്കൂ. ഒരുമയുടെ സന്ദേശം നല്‍കുന്ന ഓണത്തിന്റെ ഓര്‍മ്മകളില്‍ പോലും വിഭാഗീയതയുടെ വിഷം പുരട്ടുന്നവരെ കരുതിയിരിക്കുക എന്നത് തന്നെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

NO COMMENTS

LEAVE A REPLY