കണ്ണൂർ : മോഹൻ ഭഗവതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കുറ്റബോധത്തിൽനിന്ന് ഉണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മലയാളിയുടെ അഭിമാന ബോധത്തേയും സുരക്ഷയെയും പറ്റി ആശങ്കയുണ്ടെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ദേശവിരുദ്ധരെ കേരളത്തിലെ ഇടത്, വലത് മുന്നണികൾ സഹായിക്കുന്നതിനു നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകുമെന്നും കുമ്മനം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന കുറ്റബോധത്തിൽ നിന്ന് ഉണ്ടായതാണ്. മലയാളിയുടെ അഭിമാന ബോധത്തേയും സുരക്ഷയെയുംപ്പറ്റി ആശങ്കയുണ്ടെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് താങ്കൾ ശ്രദ്ധിക്കേണ്ടത്. ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറിയത് അങ്ങ് ഉള്‍പ്പടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദ നിലപാടുകൊണ്ടാണ്. ഇക്കാര്യം കേരളത്തിന് പുറത്തുള്ള ഒരു നേതാവ് ചൂണ്ടിക്കാട്ടിയതിൽ അങ്ങേക്കുണ്ടായ ജാള്യം മനസ്സിലാകും.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദേശ വിരുദ്ധരെ കേരളത്തിലെ ഇടത് വലത് മുന്നണികൾ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും.
ചത്ത കുതിരയെന്ന് ജവഹർലാൽ നെഹൃു വിശേഷിപ്പിച്ച, ഭാരത വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന് മലപ്പുറം ജില്ല സമ്മാനിച്ച് മൃതസഞ്ജീവനി നൽകിയത് അങ്ങയുടെ പാർട്ടിയായിരുന്നുവെന്ന കാര്യം മറന്നിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. അന്നു തുടങ്ങിയ വർഗ്ഗീയ പ്രീണനം ഈ 2017 ൽ താങ്കളും നിർബാധം തുടരുകയാണ്. കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഏറിയ പങ്കും താങ്കളുടെ മുന്നിണിയും യുഡിഎഫും മാറി മാറി ഭരിച്ച ഈ കൊച്ചു കേരളത്തിൽ നിന്നായിരുന്നു. അന്താരാഷ്ട്ര ബന്ധമുണ്ടായിരുന്ന തീവ്രവാദികളെ അങ്ങയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ കനകമലയിൽ നിന്ന് പിടികൂടിയ വിവരം മറന്നിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. കേരളാ പൊലീസിന്‍റെ പിടിയിലായ അന്താരാഷ്ട്ര ഭീകരൻ തടിയന്‍റവിട നസീറിനെ വിട്ടയക്കാൻ ഉത്തരവിട്ടത് ആരാണെന്ന കാര്യം അങ്ങേക്ക് അറിവുണ്ടാകുമല്ലോ?
നേരത്തെ അൽഖ്വയ്ദയ്ക്കും ഇപ്പോൾ ഐഎസ് ഭീകരർക്കുമൊക്കെ ഏറ്റവും കൂടുതൽ ഭീകരരെ സംഭാവന ചെയ്യുന്നതും ഈ കൊച്ചു കേരളമാണ്. ലവ് ജിഹാദെന്ന ഓമനപ്പേരിൽ കേരളത്തിലെ കൊച്ചു പെൺകുട്ടികളെ സിറിയയിലെ ഭീകര ക്യാമ്പുകളിൽ എത്തിച്ച ഭീകരൻമാർ ഇന്നും ഇവിടെ നിർബാധം വിഹരിക്കുന്നത് അങ്ങയുടെ കൺമുൻപിൽ കൂടിയാണ്. അതിന് നേതൃത്വം നൽകുന്നത് സത്യസരണി എന്ന കേന്ദ്രമാണെന്ന് നിരവധി അന്വേഷണ ഏജൻസികള്‍ പറഞ്ഞിട്ടും അവിടേക്ക് താങ്കൾ ഭരിക്കുന്ന പൊലീസ് തിരിഞ്ഞു നോക്കാത്തത് അവർക്കുള്ള സഹായമല്ലാതെ മറ്റെന്താണ്. നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ അബ്ദുൾ നാസർ മദനിയെ വിട്ടയക്കാൻ കേരള നിയമസഭ ഒന്നടങ്കം ശബ്ദമുയർത്തിയത് ദേശദ്രോഹ പ്രവർത്തനമല്ലാതെ മറ്റെന്താണ്? മദനിയെ സ്വീകരിക്കാൻ ശംഖുമുഖത്തെ വേദിയിൽ കേരള മന്ത്രിസഭ ഒന്നടങ്കം എത്തിയപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്നത് താങ്കളുടെ പാർട്ടിയായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ആർഎസ്എസ് തലവന്‍റെ പ്രസ്താവനയെ എതിർക്കുന്നതിന് മുൻപ് കേരളം കണ്ട ആദ്യ ഐഎസ് മോഡൽ അക്രമമായ അദ്ധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടാൻ ഒരു ശ്രമമെങ്കിലും നടത്തണമായിരുന്നു. അതേ ഭീകരത തന്നെയാണ് ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയതും.
പാനായിക്കുളം- വാഗമൺ സിമി ക്യാമ്പുകൾ, കളമശ്ശേരി ബസ് കത്തിക്കൽ ഇവയൊക്കെ താങ്കൾ കൂടി ഭരണം കയ്യാളിയ കേരളത്തിലാണ് സംഭവിച്ചത്. കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയുടെ കുടുംബത്തിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ മത്സരിച്ചെത്തിയതിൽ ഇരു മുന്നണി നേതാക്കളും ഉണ്ടായിരുന്നു. ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാകും. കേരളത്തിന്‍റെ ഭരണാധികാരിയെ കുറ്റപ്പെടുത്തിയാൽ അത് കേരളത്തെ അധിക്ഷേപിക്കലാണെന്ന താങ്കളുടെ കണ്ടെത്തൽ യുക്തിക്ക് നിരക്കുന്നതാണോ?. രണ്ടിനെയും രണ്ടായി കാണാനുള്ള സാമാന്യ ബുദ്ധി മലയാളിക്കുണ്ട്. സ്വാതന്ത്ര്യ സമര കാലത്തെ ആർഎസ്എസിന്‍റെ സംഭാവന എന്താണെന്ന് അറിയാൻ അൽപ്പം ചരിത്രം വായിച്ചാൽ മതിയാകും. അപ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്മ്യൂണിസ്റ്റുകൾ ഒറ്റിയതും, ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും അധിക്ഷേപിച്ചതും ഇന്ത്യയെ രണ്ടാക്കിയാൽ പോരാ 16 രാജ്യങ്ങളാക്കണമെന്ന പഴയ സിപിഐയുടെ നിലപാടും ഒക്കെ വായിക്കേണ്ടി വരും. അതുകൊണ്ട് അതിന് മുതിരാതിരിക്കുകയാവും നല്ലത്. താങ്കളുടെ സഹപ്രവർത്തകനായ വി എസ് അച്യുതാനന്ദനെതിരെ ഇന്ത്യാ ചൈന യുദ്ധ സമയത്ത് പാർട്ടി നടപടി സ്വീകരിച്ചത് എന്തിനാണെന്ന് കൂടി ഓർമ്മിക്കുക. ഇതൊക്കെ ഓർക്കാതിരിക്കലാകും താങ്കൾക്കും താങ്കളുടെ പാർട്ടിക്കും നല്ലത്.