തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതയ്ക്കുന്ന ഓഖി ചുഴലിക്കാറ്റ് നേരിടുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 2 ദിവസം മുന്‍പ് തന്നെ ഹൈദരാബാദിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ജാഗ്രത സന്ദേശം അയച്ചിരുന്നു. എന്നാല്‍ അത് ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചത്.
സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ലെന്നും കുമ്മനം പറഞ്ഞു. പൂന്തുറയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി കുമ്മനം ഫോണില്‍ സംസാരിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തതായി കുമ്മനം വ്യക്തമാക്കി.