തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ചിലവില്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തതാണെന്ന് കുമ്മനം രാജശേഖരന്‍ തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണ്. ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. യഥാസമയം മുന്നറിയിപ്പ് നല്‍കാഞ്ഞതും, ദുരന്തം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാഞ്ഞതും, മത്സ്യത്തൊഴിലാളികളെ അവഹേളിച്ച സഹപ്രവര്‍ത്തകരെ തിരുത്താഞ്ഞതും എല്ലാം ദുരിത ബാധിതരോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക മനോഭാവം വെളിപ്പെടുത്തുന്നു. അനുതാപമില്ലാതെ സഹതാപം മാത്രം പ്രകടിപ്പിക്കുന്ന ഭരണാധികാരിക്കേ ഇങ്ങനെ പെരുമാറാനാകൂ.
ഉറ്റവരേയും ഉടയവരേയും നഷ്ടമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍ കിടന്ന് വലയുമ്പോഴാണ് അവര്‍ക്ക് അവകാശപ്പെട്ട പണം മുഖ്യമന്ത്രി ധൂര്‍ത്തടിക്കുന്നത്. മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും ഇത് സാധ്യമാണോ?
ഭരണം ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുക എന്ന നയം ഇഎംഎസിന്റെ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുവര്‍ത്തിച്ചു വരുന്ന നയമാണ്. കേരളത്തിലും ത്രിപുരയിലും മാത്രം ഭരണം കയ്യാളുന്ന സിപിഎം രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ്. നൂറുകണക്കിന് കോടി രൂപ കയ്യിലുള്ള ഉള്ള സിപിഎം ഹെലികോപ്റ്റര്‍ വാടക നല്‍കാന്‍ പൊതു പണം ഉപയോഗിച്ചു എന്നത് ക്രിമിനല്‍ കുറ്റമാണ്.
നഗ്‌നമായ അധികാര ദുര്‍വിനിയോഗമിണിത്. മോഷണം കയ്യോടെ പിടിച്ചപ്പോള്‍ അത് തിരികെ തന്നില്ലേ എന്ന കള്ളന്റെ ന്യായമാണ് ഉത്തരവ് റദ്ദാക്കിയതിലൂടെ സിപിഎം കാണിക്കുന്നത്. വാര്‍ത്ത പുറത്തു വന്നില്ലായിരുന്നുവെങ്കില്‍ പാവങ്ങളുടെ വയറ്റത്തടിക്കുമായിരുന്നില്ലേ? ഉത്തരവ് റദ്ദാക്കിയതിലൂടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഒഴിഞ്ഞുമാറാനാകില്ല.
സുനാമി ദുരിതാശ്വാസത്തിന് കിട്ടിയ കോടികള്‍ ധൂര്‍ത്തടിച്ച ഒരു അനുഭവം കേരളത്തിന് മുന്നിലുണ്ട്. അതേ പാതയിലാണ് പിണറായി വിജയനും എന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ഓഖി ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. അതിന് കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമാണ്. ഇല്ലായെങ്കില്‍ ഓഖി ദുരന്തത്തിന്റെ പേരില്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ കീശയാകും വീര്‍ക്കുക. പിച്ചച്ചട്ടിയില്‍ മാത്രമല്ല മൃതദേഹത്തിന്റെ പേരില്‍ പോലും കയ്യിട്ടു വാരാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടര്‍.