തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹര സമരം നടത്തുന്ന ശ്രീജീവിന്‍റെ സഹോദരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു അദ്ദേഹം. സിബിഐ അന്വേഷണം നടത്തില്ല എന്ന് പറഞ്ഞതായി അറിവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണ ആവശ്യം മുന്നോട്ടു വച്ച്, അതിന് വേണ്ട എല്ലാ രേഖകളും നല്‍കിയാല്‍ തീര്‍ച്ചയായിട്ടും സിബിഐ അത് പരിഗണിക്കും എന്നാണ് വിശ്വസിക്കുന്നത് എന്നും കുമ്മനം പറഞ്ഞു. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ സാഹചര്യം എന്താണ് എന്ന് പരിശോധിക്കും. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കുറ്റക്കാരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കി ഇത്രയും നാളായിട്ടും കേരള ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് മനുഷ്യ ദ്രോഹമാണെന്നും നിയമ വിരുദ്ധമാണെന്നും കുമ്മനം വ്യക്തമാക്കി.