തൃശൂര്‍ : ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്രയ്ക്ക് തൃശൂരില്‍ ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുമ്മനം രാജശേഖരന് സ്വീകരണം നല്‍കും. തുടര്‍ന്ന് വികാസ് യാത്രയുടെ ഉദ്ഘാടനം നടക്കും. തൃശൂരില്‍ നിന്നാരംഭിക്കുന്ന വികാസ് യാത്ര 14 ജില്ലകളിലും പര്യടനം നടത്തി മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കും.
തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളുമായി വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി കുമ്മനം ആശയ വിനിമയം നടത്തും. ഓരോ ജില്ലയിലും ഇരുപതിലേറെ യോഗങ്ങളില്‍ പങ്കെടുക്കും. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വിസ്തൃത പ്രവാസത്തിന്റെ മാതൃകയിലാണ് സംസ്ഥാന അധ്യക്ഷന്റെ വികാസ് യാത്രയും. ബൂത്ത് സമ്മേളനങ്ങള്‍, കോളനി സന്ദര്‍ശനം, ബിജെപിയിലേക്ക് ചേരാനാഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്ന സമ്മേളനങ്ങള്‍ എന്നിവയും യാത്രയുടെ ഭാഗമായുണ്ടാകുമെന്നു ബിജെപി അറിയിച്ചു.