തിരുവനന്തപുരം • സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ താക്കീതാണ് സംസ്ഥാനത്തുണ്ടായതെന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂര്‍ പിണറായിയിലെ രമിത്തിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്തതായും ഇതൊരു മുന്നറിയിപ്പായി കണക്കാക്കാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറാകണമെന്നും കുമ്മനം പറഞ്ഞു.ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളോടും നന്ദി പറയുന്നു. സിപിഎം മുന്‍കൈ എടുത്താല്‍ കേരളത്തില്‍ രാഷ്ട്രീയ വൈരത്തിന്‍റെ പേരില്‍ ഇനിയൊരു നിരപരാധിയുടെ രക്തം വീഴില്ല. അതിന് അവര്‍ തയാറാകണം.
സ്വന്തം നാട്ടില്‍ പോലും സമാധാനം ഉറപ്പാക്കാന്‍ ആഭ്യന്തരം വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ആകുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം ഒഴിയാന്‍ തയാറാകണം.പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മറയ്ക്കാന്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന രീതി സിപിഎം അവസാനിപ്പിക്കണം. പിണറായി വിജയന് അപ്രമാദിത്വം ഉണ്ടായിരുന്ന കണ്ണൂരിലെ സിപിഎമ്മില്‍ ഇപ്പോള്‍ ആഭ്യന്തര പ്രശ്നം രൂക്ഷമാണ്. പിണറായിയുടെയും കോടിയേരിയുടെയും നേതൃത്വം അണികള്‍ ചോദ്യം ചെയ്തു തുടങ്ങി. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ജില്ലയില്‍ സിപിഎം അക്രമം നടത്തുന്നത്.
പിണറായിയിലും പരിസരത്തും ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അന്‍പതോളം വീടുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ മാത്രം ഈ പ്രദേശത്തു തകര്‍ക്കപ്പെട്ടത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയതിനു ശേഷം നൂറുകണക്കിനു വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബിജെപി ഓഫിസുകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കുന്ന ബിജെപിയുടെ നടപടി ബലഹീനതയായി സിപിഎം കാണരുതെന്നും കുമ്മനം പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമണമുണ്ടായ പിണറായി, വേങ്ങാട് പഞ്ചായത്തുകള്‍ ബിജെപി, ആര്‍എസ്‌എസ് നേതൃത്വം നാളെ സന്ദര്‍ശിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശന്‍, ആര്‍എസ്‌എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി, ബിഎംഎസ് സംസ്ഥാന അസി ജനറല്‍ സെക്രട്ടറി രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാകും സന്ദര്‍ശനം.