തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് വീണ്ടും രൂക്ഷ വിമര്‍ശമാണ് പൊലീസിനും ആഭ്യന്തര വകുപ്പിനും ഏല്‍ക്കേണ്ടി വന്നത്. കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ് ഉടനെയാണ് ഹൈക്കോടതി സര്‍ക്കാര്‍ വാദം തള്ളിയത്. പിണറായി വിജയന്‍ ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന സര്‍ക്കാര്‍ വാദം അണികള്‍ മാത്രമേ വിശ്വസിക്കൂ. നിയമസഭയില്‍ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമാണ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണ്. കോടതിയില്‍ നിന്ന് ഇത്രയധികം തിരിച്ചടികള്‍ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. തിരിച്ചടികള്‍ നേരിടാന്‍ മാത്രമായി കേരളത്തിന് ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.