കുന്നാര്‍ ഡാമിന്‍റെ ഉയരം കൂട്ടാന്‍ അനുമതി

229

ശബരിമല: ശബരിമലയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി കുന്നാര്‍ ഡാമിന്‍റെ ഉയരം കൂട്ടാനുളള പദ്ധതി നിബന്ധനകള്‍ക്കു വിധേയമായി നടപ്പാക്കാന്‍ അനുമതി. നാഷണല്‍ വൈല്‍ഡ്ലൈഫ് ബോര്‍ഡാണ് അനുവാദം നല്‍കിയത്.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിട്ടിയുടെ അഭിപ്രായംകൂടി പരിഗണിച്ചുവേണം പദ്ധതിയുമായി മുന്നോട്ടു പോകാനെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം. 39-ാമത് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം അജണ്ടയായി വരുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ അഡീഷണല്‍ റസിഡന്‍സ് കമ്മിഷണര്‍ പുനീത്കുമാര്‍ പങ്കെടുക്കുകയും ചെയ്തു. വനംവകുപ്പ് സി.സി.എഫ് അമിത് മല്ലിക്കും പങ്കെടുത്തു.
എന്നാല്‍ ഡാമിന്‍റെ ഉയരം കൂട്ടാതെ തന്നെ ഡാമിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ മറ്റേതെങ്കിലും മാര്‍ഗം കണ്ടെ ത്തണമെന്നാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിട്ടിയുടെ ശുപാര്‍ശ. അതിനാല്‍ ഡാമിന്‍റെ ഉയരം കൂട്ടാനുള്ള പദ്ധതി നിബന്ധനകള്‍ക്കു വിധേയമായി നടപ്പാക്കാന്‍ അനുമതി നല്കിയെങ്കിലും പദ്ധതി നടപ്പിലാകണമെങ്കില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിട്ടിയുടെ അനുമതി ആവശ്യമാണ്. ഇത് പദ്ധതി നടപ്പിലാക്കുന്നതു നീളാന്‍ ഇടയാക്കും. 1951-ലാണ് കുന്നാര്‍ അണക്കെട്ട് നിര്‍മിച്ചത്. ഇപ്പോള്‍ കുന്നാറിലെ വെള്ളമാണ് സന്നിധാനത്തെ പ്രധാന കുടിവെള്ള സ്രോതസ്. വേനല്‍ കടുക്കുന്നതോടെ മറ്റു രണ്ട് ജലസ്രോതസുകളായ ചെക്കുഡാമിലേയും കുന്പളാം തോട്ടിലേയും ജലലഭ്യത ഇല്ലാതെയാകും. നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുളള ശേഷിയാണ് ഡാമിനുള്ളത്. ഡാമിനു രണ്ടര മീറ്റര്‍ ഉയരം വര്‍ധിപ്പിച്ചാല്‍ ഡാമിന്‍റെ സംഭരണശേഷി വര്‍ധിക്കുകയും 40 ലക്ഷം ലിറ്റര്‍വെള്ളം സംഭരിക്കുവാനും കഴിയും.
ഡാമിന്‍റെ ഉയരം വര്‍ധിപ്പിക്കുന്നതു മൂലം പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകില്ലെന്നാണ് സെസിന്‍റെ പഠന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് വനംവകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ അംഗമായ ഹൈപവര്‍ കമ്മിറ്റി പലവട്ടം പരിശോധിക്കുകയും ഭേദഗതികളോടു കൂടി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 2014 -അഗസ്റ്റ് മാസം നടന്ന നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ അനുമതിക്കു സമര്‍പ്പിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതിക്കെതിരേ അന്ന് രംഗത്തെ ത്തിയിരുന്നു. കുന്നാറില്‍ നിന്ന് കാസ്റ്റ്‌അയണ്‍ പൈപ്പിലൂടെയാണ് സന്നിധാനത്ത് വെള്ളം എത്തിക്കുന്നത്. സന്നിധാനത്തു നിന്നും1500 മീറ്റര്‍ ഉയരത്തിലുള്ള കുന്നാര്‍ അണക്കെട്ടില്‍ നിന്നും ഊര്‍ജത്തിന്‍റെ സഹായമില്ലാതെ ഗ്രാവിറ്റി ഫ്ളോയിലൂടെയാണ് വെള്ളമെത്തുന്നത്. അതിനാല്‍ വൈദ്യുതി ചാര്‍ജിനത്തില്‍ പണം നഷ്ടമാകുന്നില്ല.

NO COMMENTS

LEAVE A REPLY