കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു

192

കൂനൂര്‍: സ്വകാര്യ തേയില എസ്റ്റേറ്റില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്പത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. നീലഗിരി ജില്ലയിലെ കൂനൂരില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനൂരിനടുത്ത ചിന്നവണ്ടിചോലയിലെ ട്രംല തേയിലത്തോട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്‍റെ പണിക്കിടെയായിരുന്നു ദുരന്തം. ധര്‍മപുരി ജില്ല അരൂര്‍ സ്വദേശികളായ പ്രതാപ് (20), ആറുമുഖം (48), കാര്‍ത്തികേയന്‍ (23), കാമരാജ് (26) എന്നിവരാണ് ഇരുപതടി താഴ്ചയില്‍ മണ്ണിനടിയില്‍ പെട്ടത്. കൂനൂര്‍ പോലീസും അഗ്നിശമനസേനയും എത്തി ഇവരെ പുറത്തെടുക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരൂര്‍സ്വദേശി ജനകര്‍ (50) ആണ് ചികിത്സയിലുള്ളത്. കഴുത്തറ്റം മണ്ണില്‍ പെട്ടുപോയ ഇയാളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി കൂനൂര്‍ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. ജില്ല കളക്ടര്‍ ശങ്കര്‍, എസ്പി മുരളിരംഭ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY