ന്യൂഡല്‍ഹി : ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. കൊളീജിയം അടുത്താഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൊളീജിയം പിരിഞ്ഞിരുന്നു. കൂടുതല്‍ ചര്‍ച്ച വേണമെന്ന് യോഗത്തില്‍ ധാരണയായി.
കേന്ദ്രം തിരിച്ചയച്ച നിയമന ശുപാര്‍ശയാണ് കൊളീജിയം യോഗം പരിഗണിച്ചത്. പ്രാധിനിധ്യമില്ലാത്ത ഹൈക്കോടതികളുണ്ടെന്ന കേന്ദ്രത്തിന്റെ പരാമര്‍ശവും പരിഗണിച്ചു. കൊല്‍ക്കത്ത, രാജസ്ഥാന്‍, തെലുങ്കാന-ആന്ധ്രപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യവും കൊളീജിയം യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം. കെ.എം.ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഏപ്രില്‍ 27നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ.