ചെന്നൈ: ശശികലയെ പിന്തുണയ്ക്കുന്ന അണ്ണാഡിഎംകെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ സംഘർഷാവസ്ഥ. എംഎൽഎമാരെ ഒഴിപ്പിക്കാൻ പൊലീസ് എത്തിയതിനെ തുടർന്ന് പൊലീസും എംഎൽഎമാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് റിസോർട്ടിനുള്ളിൽ കടന്ന് എംഎൽഎമാർ ഒഴികെയുള്ളവരെ ഒഴിപ്പിക്കാൻ തുടങ്ങി. ഐജി ചെന്താമര, കാഞ്ചീപുരം എസ്‌പി മുത്തരശി എന്നിവരുടെ നേതൃത്വത്തിലാണു നടപടി. ഉടൻ തന്നെ റിസോർട്ട ഒഴിയാൻ പൊലീസ് എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ബലം പ്രയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ റിസോർട്ട് വിടാൻ കൂട്ടാക്കാതെ ഇവിടെ തുടരുകയാണ് എംഎൽഎമാർ.
റിസോർട്ടിൽനിന്നും ഒഴിഞ്ഞുപോകാൻ അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് പൊലീസ് അനുവദിച്ച സമയം നാലു മണിക്ക് അവസാനിച്ചിരുന്നു. ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ ബലം പ്രയോഗിച്ച് ഇവരെ റിസോർട്ടിൽനിന്ന് നീക്കുമെന്നാണ് വിവരം. റിസോർട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്. അതിനിടെ, അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയിലിലേക്കു മടങ്ങുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എംഎൽഎമാരെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് മധുര സൗത്ത് എംഎൽഎ എസ്. ശരവണനാണ് തമിഴ്‌നാട് ഡിജിപിക്കു പരാതി നൽകിയത്. ശശികല, പകരക്കാരനും അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനിസാമി എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തമിഴ്‌നാട് ഡിജിപി തനിക്കു ലഭിച്ച പരാതി കൂവത്തൂർ പൊലീസിന് കൈമാറുകയായിരുന്നു. ഇതേത്തുടർന്ന് കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ പൊലീസ് പരിശോധന നടത്തി. കമാൻഡോകൾ ഉൾപ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു പരിശോധന. റിസോർട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎൽഎമാരും കാഞ്ചീപുരം എസ്‌പിയും തമ്മിൽ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. ശരവണന്റെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ എംഎൽഎമാരുടെ സംഘം തട്ടിക്കയറിയത്. തുടർന്ന് കമാൻഡോകളും പൊലീസും റിസോർട്ടിനുള്ളിൽനിന്നും പിൻവാങ്ങി.