കുവൈറ്റ് അഭയ കേന്ദ്രങ്ങളില്‍ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളെ നാട്ടിലെത്തിക്കും

181

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കുവൈത്ത് അധികൃതര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ.ജയിന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അടുത്ത മാസം കുവൈത്ത് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള പുരുഷ-വനിതാ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തൊഴില്‍-ആഭ്യന്തര മന്ത്രാലയങ്ങള്‍ അനുമതി നല്‍കിയതായാണ് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചത്.10 പേര്‍ വീതം ഉള്ള സംഘങ്ങളാക്കി ഇവരെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചയക്കാനാണ് നീക്കം.
ആഭ്യന്തരമന്ത്രാലയം തന്ന കണക്ക് പ്രകാരം രാജ്യത്ത് 30,000ഓളം ഇന്ത്യക്കാര്‍ അനധികൃത താമസക്കാരയിയുണ്ട്. ഇതില്‍ താമസ-കുടിയേറ്റ നിയമലംഘകരെ മറ്റ് കേസുകള്‍ ഒന്നും ഇല്ലെങ്കില്‍ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് കുവൈത്ത് അധികൃതരോടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാനുഷിക നേതാവെന്ന് ഐക്യരാഷ്‌ട്രസഭയുടെ ബഹുമതി ലഭിച്ചിട്ടുള്ള കുവൈത്ത് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ അതിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശകാര്യ വകുപ്പ് മന്ത്രിയുടെ വരവ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാളെ കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യയില്‍ നിന്നും വ്യത്യസ്ഥമായ തൊഴില്‍ പ്രശ്‌നങ്ങളാണു കുവൈത്തില്‍ ഇന്ത്യക്കാര്‍ നേരിടുന്നത്.പട്ടിണി കിടക്കുന്ന സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.എന്നാല്‍ ഒറ്റപ്പെട്ട ചില സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തും നഴ്‌സിംഗ് മേഖലയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY