കുവൈത്തില്‍ തൊഴില്‍ വകുപ്പ് ഓഫീസുകളില്‍ ജോലിസമയം വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇടപാടുകളുടെ ആധിക്യം കണക്കിലെടുത്താണ് നടപടി. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംബന്ധിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി മേധാവി അബ്ദുല്ല അല്‍ മുതൗതി ജോലി സമയം വര്‍ദ്ധിടപ്പിക്കുന്ന കാര്യം സൂചിപ്പിച്ചത്. ദിവസവും ഒരു മണിക്കുര്‍ വര്‍ദ്ധിപ്പിക്കാനാണ് ആലോചന.
നിലവില്‍ ഔദ്യോഗികസമയം രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് തൊഴില്‍ വകുപ്പ് ഓഫീസുകളിലെ പ്രവര്‍ത്തന സമയം. ഇത് ഉച്ചയക്ക് മൂന്ന് വരെ നീട്ടാനാണ് നീക്കം. ഇതിനുപുറമെ ആവശ്യമെങ്കില്‍ അതത് വകുപ്പുകളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്റെ ചുമതല. വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് പിറ്റേന്ന് ഇടപാടുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസമാറ്റം, വിസ പുതുക്കല്‍, തൊഴില്‍ പെര്‍മിറ്റ് പോലുള്ള നടപടികള്‍ക്കായി നൂറുകണക്കിന് പേരാണ് ദിവസവും ഓഫീസുകളിലെത്തുന്നത്. ഇടപാടുകാരുടെ ബാഹുല്യത്തോടൊപ്പം കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ മൂലവും, ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമെരു തീരുമാനത്തിലെത്തിയത്.