ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുനസംഘടന ചര്‍ച്ചയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന നേതാക്കളെല്ലാം ഇപ്പോള്‍ ഡല്‍ഹിയിലാണ്. കെപിസിസി ഭാരവാഹികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകളാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്നത്. ഭാരവാഹിക പട്ടികയുടെ എണ്ണം 25-ല്‍ ഒതുക്കാനാണ് നേതാക്കളുടെ ശ്രമം.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് ലഭിക്കാതിരുന്ന കെ.വി.തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരി ഗണിക്കാൻ സാധ്യതയുണ്ട് . മുതിര്‍ന്ന നേതാവെന്ന നിലയിലും വിവിധ പാര്‍ട്ടികളിലെ നേതാക്കളുമായുള്ള ബന്ധങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ കണ്‍വീനര്‍ സ്ഥാനത്ത് പുതിയ ആള് വരണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ തോമസിനു തന്നെയാണ് സാധ്യത.
ഇപ്പോഴത്തെ കണ്‍വീനര്‍ ബെന്നി ബെഹനാന് എംപിയായതോടെ കണ്‍വീനര്‍ സ്ഥാനം ഒഴിയാനാണ് സാധ്യത. ഒരാള്‍ക്ക് ഒരു പദവി നിയമം പുനസംഘടനയില്‍ പരിഗണിക്കുകയാണെങ്കില്‍ ബെന്നി ബെഹനാന് സ്ഥാനം ഒഴിയേണ്ടി വരും. നേരത്തേ തയാറാക്കിയ ജംബോ പട്ടികയെ കുറിച്ച് ഒട്ടേറെ പരാതികള്‍ ഇതിനകം നേതൃത്വത്തിന് ലഭിച്ചു കഴിഞ്ഞു. ജനുവരി 31-നകം പുനസംഘടന പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
യുവാക്കള്‍, ദളിതര്‍, വനിതകള്‍ എന്നിവര്‍ക്കെല്ലാം മതിയായ പ്രാതിനിധ്യമുള്ള ലിസ്റ്റായിരിക്കണം വേണ്ടിയതെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് സൂചന നല്കി കഴിഞ്ഞു. ഇതനുസരിച്ചാകും ഡല്‍ഹിയിലെ ചര്‍ച്ചകള്‍ നടക്കുക.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെല്ലാം പുനസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ട്.