ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ പെട്ട രാംഗഡ് സെക്ടറില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും 19 വയസുള്ള യുവതിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി ആരംഭിച്ച വെടിവെപ്പില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാംഗഡിലെ രംഗൂറില്‍ അഭി (5), ഋഷഭ് (7), അഞ്ജു ദേവി എന്നിവരാണ് ഉച്ചയോടെ മരിച്ചത്. രാവിലെ ജെദ്ര വില്ലേജില്‍ വീടിനുള്ളിലുണ്ടായ മോര്‍ട്ടാര്‍ സ്ഫോടനത്തില്‍ രവിന്ദര്‍ കൗര്‍ എന്ന പത്തൊമ്ബതുകാരി മരണപ്പെട്ടിരുന്നു. പരിക്കേറ്റവരില്‍ ഉള്‍പ്പെട്ട ഒന്നര വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. മരിച്ച മറ്റുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെടിനിര്‍ത്തല്‍ ലംഘിച്ച പാക് സൈന്യം മോര്‍ട്ടാര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതിര്‍ത്തി രക്ഷാ സേന ശക്തമായ തിരിച്ചടി നടത്തിയതായി സൈനിക വക്താവ് വ്യക്തമാക്കി. ആദ്യം വെടിവെപ്പ് നടത്തിയ പാക് സൈന്യം പിന്നീട് മോര്‍ട്ടാര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നെന്ന് അതിര്‍ത്തി രക്ഷാ സേന ഡിഐജി ധര്‍മേന്ദ്ര പരീഖ് പറഞ്ഞു. രാംഗഡ്, അരീന സെക്ടറുകളിലെ അഞ്ച് സ്ഥലങ്ങളില്‍ പാകിസ്താന്‍ ആക്രമണം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുന്നതിനിടെ ഒരു ഇന്ത്യന്‍ സൈനികന്‍ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു. മഹാരാഷ്ട്രാ സ്വദേശിയായ നിഥിന്‍ സുഭാഷാണ് വീരമൃത്യു വരിച്ചത്.