ഓഖി-പ്രളയ കാലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ – ഷെരീഫ് ഖാന്‍ – ലക്ഷദ്വീപിലെ സിപിഐ എം സ്ഥാനാര്‍ത്ഥി

248

കവരത്തി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപിലെ സിപിഐ എം സ്ഥാനാര്‍ത്ഥിയായി യുവജന നേതാവ് ഷെരീഫ് ഖാന്‍ മത്സരിക്കും. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ ഷെരീഫ് ഏറെ പൊതുസ്വീകാര്യതയുള്ള നേതാവാണ്.

ഓഖി-പ്രളയ കാലങ്ങളില്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കേരളത്തിന് കൈത്താങ്ങായി അഗത്തിയിലെ തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുഴുവന്‍ വസ്ത്രങ്ങളും ഷെരീഫ് ഖാന്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തിച്ചു നല്‍കി.അഗത്തിയില്‍ നിന്നും ഇവാക്വുവേഷന് എയര്‍ ആംബുലന്‍സ് കിട്ടാതെ അബൂബക്കര്‍ എന്ന രോഗി മരണപ്പെട്ടപ്പോള്‍ ഷെരീഫ് ഖാന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

അതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പില്‍ അതിക്രൂരമായി മര്‍ദനമേല്‍ക്കുകയും മാസങ്ങളോളം ജയിലറക്കുള്ളിലാകുകയും ചെയ്‌തു. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് പൂര്‍ണ്ണമായി സ്തംഭിച്ചു. വനം പരിസ്ഥിതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ഷെരീഫ് ഖാന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌ത നടപടിയുണ്ടായത്.

ഇത്തരത്തിലുള്ള അനേകം പ്രവര്‍ത്തനങ്ങളുടെ മികവാണ് പൊതുസ്വീകാര്യനായ ഷെരീഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെത്തിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കവരത്തി ദ്വീപിലും സിപിഐ എം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അഗത്തി കുട്ടിലമ്മാട മുഹമ്മദ് കോയയുടെയും മുള്ളിപ്പുര മണ്ണിച്ചിബിയുടെയും മകനാണ് ഷെരീഫ് ഖാന്‍. ഫസീലയാണ് ഭാര്യ. ഫഹ്മി ഷെറീഫ്, മുഹമ്മദ് ഫവാദ് ഖാന്‍ എന്നിവര്‍ മക്കളാണ്.

NO COMMENTS