ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനു തിരിച്ചടി. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.സി ബി ഐയുടെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്
നേരത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയ കുറ്റകരമായ ഗുഢാലോചന, ക്രിമിനല്‍ താത്പര്യം മുന്‍നിര്‍ത്തി മനഃപൂര്‍വം അഴിമതി തടയാതിരിക്കുക എന്നിവ അന്വേഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 1990-97 കാലത്ത് ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും 900 കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഇതിൽ 38 കോടിയുടെ അഴിമതി കേസിൽ 2013 ഒക്ടോബറിൽ റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവർഷം തടവിന് ശിക്ഷിച്ചു.2014 നവംബറിൽ ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികൾക്കുമെതിരെയുളള ഗൂഢാലോചനക്കുറ്റവും പ്രധാന വകുപ്പുകളും ഒഴിവാക്കിയിരുന്നു.ഇതിനിടെ ജാർഖണ്ഡ് ഹൈകോടതിയെ സമീപിച്ച ലാലു പ്രസാദ് അനുകൂലവിധി നേടുകയായിരുന്നു. കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈകോടതി ഉത്തരവ്. ഇതാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയത്.
കേസിൽ ജാമ്യത്തിൽ കഴിയുന്ന ലാലുവിന് സുപ്രീകോടതി ഉത്തരവ് വലിയ തിരിച്ചടിയാകും. പല ട്രഷറികളില്‍ നിന്ന് പലപ്പോഴായി തുക പിൻവലിച്ച കേസായതിനാലാണ് പ്രത്യേകം പ്രത്യേകം പരിശോധിച്ച് വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.