കാസര്‍കോട് : കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലും പ്രളയവും കൊണ്ട് നാട് ഭയക്കുമ്പോള്‍ നീലേശ്വരത്ത് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയില്ല. ദുരന്തനിവാരണ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയപ്പോള്‍ അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി. സന്ധ്യ പാലാത്തടത്തെത്തി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്ത നിവാരണകേന്ദ്രത്തിന് ഏറ്റവും അനു യോജ്യമായ സ്ഥലമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
2014ലാണ് സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ ജില്ലയിലും ഒരു ദുരന്തനിവാരണ കേന്ദ്രം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയത്.നീലേശ്വരം പാലാത്തടം പി.കെ. രാജന് മെമ്മോറിയല്‍ കാമ്പസിന് സമീപം അങ്കകളരി റോഡരികിലാണ് കേന്ദ്രത്തിെന്റ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. ഇതിനായി എട്ടേക്കര്‍ റവന്യൂ ഭൂമി കണ്ടെത്തി നീട്ടിെവക്കുകയും ചെയ്തു.
സമീപത്ത് റെയില്‍വേ സ്റ്റേഷന്, നീണ്ട കടല്‍തീരം, ഹെലിപ്പാഡുമുള്ള അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് പാലാത്തടം മതി എന്ന ധാരണയില്‍ അധികൃതര്‍ എത്തിയത്. എന്നാല്‍, തുടര്‍നടപടികള്‍ ആറുവര്‍ഷമായി ഫയലില്‍ മാത്രം കെട്ടിക്കിടക്കുകയാണ്.