കൃഷിപാഠങ്ങള്‍ – ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളുമായി മടിക്കൈ ഗ്രാമപഞ്ചായത്ത്.

61

കാസറഗോഡ് : മലയോര മേഖലയില്‍പ്പെടുന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. പഞ്ചായത്തിലെ നല്ലൊരു ശതമാനവും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. അവര്‍ക്കായി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച് വിജയിച്ച പാഠങ്ങളാണ് മടിക്കൈ പഞ്ചായത്തിന് പറയാനുള്ളത്.

ശുദ്ധ ജലമത്സ്യകൃഷിയില്‍ നേട്ടം കൊയ്ത് പഞ്ചായത്ത്

2017-18 വര്‍ഷത്തില്‍ ജില്ലയില്‍ ഉള്‍നാടന്‍ ശുദ്ധജല മത്സ്യകൃഷിയില്‍ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് മടിക്കൈ. ഇന്ന് പഞ്ചായത്തിലേക്ക് ആവശ്യമായ മത്സ്യം പൂര്‍ണ്ണമായും ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് മത്സ്യകൃഷി വളര്‍ന്നു കഴിഞ്ഞു. ക്വാറികളിലും കുളങ്ങളിലും ക്രിതൃമമായി ഉണ്ടാക്കിയ ടാങ്കുകളിലുമെല്ലാമായി മത്സ്യ കൃഷി ചെയ്യുന്ന 96 കര്‍ഷകരാണ് പഞ്ചായത്തിലുള്ളത്. 4.16 ഹെക്ടര്‍ സ്ഥലത്ത് മത്സ്യ കൃഷി നടക്കുന്നു. കാര്‍പ്പ്, സിലോപ്പി, ആസാം വാള തുടങ്ങിയ മത്സ്യങ്ങളെയാണ് കൃഷി ചെയ്യുന്നത്.

പഞ്ചായത്ത് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് മീന്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. മുകളില്‍ പച്ചക്കറിയും താഴെ മീനും ഒരുമിച്ച് വളര്‍ത്തുന്ന അക്വാ പോണിക്സ് രീതിയില്‍ കൃഷി ചെയ്യുന്ന രണ്ട് യൂണിറ്റുകള്‍ പഞ്ചായത്തിലുണ്ട്. കുളങ്ങളിലും ക്വാറികളിലുമായി ആസാം വാളയെ കൂട് കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കര്‍ഷകരും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.

ബയോപ്ലസ് മടിക്കൈ ജൈവവള നിര്‍മ്മാണ യൂണിറ്റ്

ഗുണമേന്‍മയുള്ള ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ 12 ലക്ഷം രൂപ നീക്കി വെച്ചു. കൃഷി ഭവന്റെയും ബ്ലോക്ക് അഗ്രി സെക്ഷന്റേയും സഹകരണത്തോടെ ബയോപ്ലസ് മടിക്കൈ ജൈവവള ഉത്പാദനം ആരംഭിച്ചു. മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും നാളികേര ക്ലസ്റ്റര്‍ കമ്മറ്റിയുടേയും സഹകരണത്തോടെ വളം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.

കേര ഗ്രാമം പദ്ധതി

കേര ഗ്രാമം പദ്ധതിയില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ 73 ലക്ഷം രൂപ സബ്സിഡി അനുവദിച്ച് തെങ്ങിന്‍ തൈകളും വളങ്ങളും കീടനാശിനിയും വിതരണം ചെയ്തു. പഴയ തെങ്ങ് മുറിച്ച് മാറ്റി പുതിയത് പിടിപ്പിക്കാനും സഹായം അനുവദിച്ചു. പഞ്ചായത്ത് പരിധിയിലെ പതിനഞ്ച് വാര്‍ഡിലും ക്ലസ്റ്ററുകള്‍ ഉണ്ടാക്കിയ ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. നിലവില്‍ പഞ്ചായത്ത് പരിധിയില്‍ കേരഗ്രാമം പദ്ധതിയില്‍ പതിനാറ് ക്ലസ്റ്ററുകള്‍ സജീവമായുണ്ട്.

പശു, കോഴി, കോഴിക്കൂട് വിതരണം

ഏറ്റവും മികച്ച കര്‍ഷകരെ കണ്ടെത്തി അവര്‍ക്ക് കോഴി, കോഴിക്കൂട്, പശു എന്നിവയെ വിതരണം ചെയ്ത പദ്ധതി വന്‍ വിജയമായി. മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. കോഴിമുട്ടകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകളിലെത്തിക്കാനും പാല്‍ ശേഖരിച്ച് സൊസൈറ്റികളില്‍ എത്തിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. പശുവിന്റെ ചാണകം ശേഖരിക്കാന്‍ പ്രത്യേക സംഘങ്ങള്‍ക്കാണ് ചുമതല. ഇവര്‍ ശേഖരിക്കുന്ന ചാണകം ഉണക്കി പാക്കറ്റ് ചെയ്ത് വില്‍പ്പന നടത്തും.

സുഭിക്ഷ കേരളത്തിലും തിളങ്ങി മടിക്കൈ

സുഭിക്ഷ കേരളം പദ്ധതിയുടെ വരവോടെ പഞ്ചായത്തിലെ കര്‍ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. നെല്‍കൃഷിയും പച്ചക്കറി കൃഷിയുമായി ഇരട്ടിയോളം കര്‍ഷകര്‍ രംഗത്തെത്തി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും തൊഴിലുറപ്പ് അംഗങ്ങളും പുരുഷന്‍മാരുടെ സ്വയം സഹായ സംഘങ്ങളുമെല്ലാം സജീവമായി രംഗത്തുണ്ട്.

പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പ്രോത്സാഹനവും ആട് കോഴി, പശു വളര്‍ത്തല്‍ പ്രോത്സാഹനവും സുഗന്ധ വ്യഞ്ജനമായ മഞ്ഞളിനെ മായ മുക്തമായി ഉത്പാദിപ്പിക്കാനും പഞ്ചായത്ത് ലക്ഷ്യം വെക്കുന്നുണ്ട്. 5600 വീടുകളിലും ഇതിന്റെ ഭാഗമായി അഞ്ച് വീതം മുട്ട കോഴികളെ നല്‍കും. നാല്‍ പാല്‍ സൊസൈറ്റികളില്‍നിന്നും തിരഞ്ഞെടു്ക്കുന്ന അഞ്ച് ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ നല്‍കും.

ഭക്ഷ്യ വസ്തുക്കളില്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ ഏറ്റവും അധികം മായം ചേര്‍ന്നതുമായ ഭക്ഷ്യ വസ്തുവായി മഞ്ഞള്‍ മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തില്‍ വ്യാപകമായി മഞ്ഞള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഇങ്ങനെ ഉദ്പാദിപ്പിക്കുന്ന മഞ്ഞള്‍ പഞ്ചായത്തിന്റെ റൈസ് മില്ലില്‍ പൊടിക്കാനുള്ള സൗകര്യം ഒരുക്കും. ഇത്തരത്തില്‍ വെളിച്ചെണ്ണയും അരിയും പഞ്ചായത്തിന്റേതായി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരന്‍ പറഞ്ഞു. മടിക്കൈ ബ്രാന്റ് റൈസ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ അരി വിപണിയിലെത്തിച്ചിരുന്നു.

NO COMMENTS