ഒല്ലൂര്‍: ലോക മയക്കമരുന്നുവിരുദ്ധ ദിനത്തിന്റെ തലേന്ന് രാത്രിയില്‍ ദേശീയപാതയില്‍ മരത്താക്കര പുഴമ്പള്ളം ജങ്ഷനു സമീപത്തുനിന്ന് വന്‍തോതില്‍ കഞ്ചാവു പിടികൂടി. ബസില്‍ വന്നിറങ്ങിയ പാവറട്ടി സ്വദേശി കൃഷ്‌ണേന്ദ്ര എന്ന യുവാവിന്റെ പക്കല്‍നിന്ന് ഏകദേശം എട്ടര കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് അഞ്ചു മുതലേ ഇവിടെ നിരീക്ഷണമുണ്ടായിരുന്നു.
പാവറട്ടിയില്‍നിന്നെത്തിയ യുവാവിനൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. വലിയ ബാഗില്‍ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പുഴമ്ബള്ളം കേന്ദ്രീകരിച്ച് കഞ്ചാവുലോബി പ്രവര്‍ത്തിച്ചു വരുന്നതായ വിവരത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്ബ് ഇവിടെനിന്ന് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിന്നു. ഇവരുടെ വെളിപ്പെടുത്തലാണ് വന്‍ കഞ്ചാവുവേട്ടയ്ക്ക് കാരണമായത്.