തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം അനുഭവിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച സ്പെഷ്യല്‍ പാക്കേജ് പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ലത്തീന്‍ സഭ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, ഇ ചന്ദ്രശേഖരനുമായി സഭാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുന്നതിന് തൊട്ടുമുന്‍പാണ് സഭയുമായുള്ള മന്ത്രിമാരുടെ അനുരജ്ഞന ചര്‍ച്ച നടന്നത്. കാണാതായവര്‍ക്ക് വേണ്ടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തെരച്ചിലിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നും സഭാ നേതൃത്വം മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. മരണപ്പെട്ട കുടുംബങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നും സഭ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.