കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റിവെച്ചു. പിണറായി വിജയനടക്കമുള്ളരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് കോടതി മാറ്റിവെച്ചത്. ഹര്‍ജി ഇനി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും. ഇന്ന് ഹര്‍ജി പരിഗണനക്ക് എടുത്തപ്പോഴും സിബിഐയുടെ അഭിഭാഷകനും പിണറായി വിജയന്റെ അഭിഭാഷകനും ഹാജരായിരുന്നില്ല. സിബിഐ ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജും പിണറായിക്ക് വേണ്ടി എംകെ ദാമോദരനുമാണ് ഹാജരാകേണ്ടിയിരുന്നത്. കേസിന്റെ വാദം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര് അജയന് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്ബനിയായ എസ്എന്‍സി ലാവലിന്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. 2013ല്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് റിവിഷന്‍ ഹരജി.