തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച് ചേര്‍ത്ത യോഗം പരാജയം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും പ്രിന്‍സിപ്പാലിന്‍റെ രാജിക്കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നും വ്യക്തമായ നിലപാട് ലഭിച്ചില്ല. ഇതോടെ സമരം തുടരുമെന്ന് എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു. പതിനഞ്ച് ദിവസമായി ലോ അക്കാദമിയില്‍ പ്രിന്‍സിപ്പാലിനെ മാറ്റെണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേരിട്ട് പരാതിയുമായി എത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്. എന്നാല്‍ രാജിവെയ്ക്കുക എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി തോമസ് പറഞ്ഞു.