ദുബായ്: ലോകപ്രശസ്ത ബ്രിട്ടീഷ് പാചകരീതികളിലൂടെ ആരാധകരെ സൃഷ്ടിച്ച ബ്രിട്ടീഷ് ഷെഫും ടെലിവിഷന്‍ അവതാരകനുമായ ഗാരി റോഡ്സ്(59) ചൊവ്വാഴ്ച വൈകുന്നേരം ദുബായില്‍ വച്ച് അന്തരിച്ചു. ഐ ടിവി സീരിസിന്റെ ചിത്രീകരണത്തിനിടെ റോഡ്സ് അസ്വസ്ഥ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് റോക്ക് ഒയിസ്റ്റര്‍ മീഡിയ അറിയിച്ചു.
1997ല്‍ ആദ്യ റെസ്റ്ററന്റ് ആരംഭിച്ച റോഡ്സ് പിന്നീട് കരിബീയന്‍ രാജ്യങ്ങളില്‍ രുചിക്കൂട്ടുകളുമായി സഞ്ചരിച്ചു. ടോട്ടണിലെ ദ കാസ്റ്റില്‍ ഹോട്ടല്‍, ഗ്രോസ്വെനര്‍ ഹൗസ് ദുബായ്, ലെ റോയല്‍ മെരിഡിയന്‍ ബീച്ച് റിസോര്‍ട്ട് ആന്‍ഡ് സ്പാ അടക്കം നിരവധിയിടങ്ങളില്‍ ഷെഫായി പ്രവര്‍ത്തിച്ചു. 2006ല്‍ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഒബിഇ) അംഗീകാരവും റോഡ്സിനെ തേടിയെത്തി.
മാസ്റ്റര്‍ ഷെഫ്, ഹെല്സ് കിച്ചന്, റോഡ്സ് എറൗണ്ട് ബ്രിട്ടന് തുടങ്ങിയ പരിപാടികളിലൂടെ അദ്ദേഹം ലോകപ്രശസ്തനായി മാറി. പ്രെഫഷണല്‍ ഡാന്‍സര്‍ കേരന്‍ ഹാര്‍ഡിക്കൊപ്പം 2008ല്‍ ‘സ്ട്രിക്ലി കം ഡാന്‍സിംഗ്’ മത്സരാര്‍ഥിയായും റോഡ്സ് മിന്നിത്തിളങ്ങി. ദുബായില്‍ റോഡ്സ് ഡബ്ല്യു 1, റോഡ്സ് ട്വന്റി-20 എന്നീ റെസ്റ്ററന്റുകള്‍ നടത്തുകയായിരുന്നു.