അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‍ എല്‍.ഡി.എഫ്

218

എറണാകുളം മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി അഭിമന്യുവിനെ ഒരു സംഘം എസ്‌.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഈ സംഘടനയുടെ ഉയര്‍ന്ന നേതൃത്വം ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയും, കൊലപാതകം നടത്താന്‍ പരിശീലനം സിദ്ധിച്ചവരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത്‌ നടത്തിയ അരുംകൊലയാണിത്‌. വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്ത ഒരു സംഘം ക്രിമിനലുകളുടെ നേതൃത്വത്തിലാണ്‌ അര്‍ദ്ധരാത്രി അക്രമം നടത്തിയത്‌. ഏകപക്ഷീയമായ ഈ അക്രമത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം വിചിത്രമാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു. കോളേജ്‌ മതിലില്‍ നടത്തിയ ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന തരത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ നിഷ്‌കളങ്കമല്ല. ഈ തീവ്രവാദ സംഘടനയെ വെള്ളപൂശുന്നതോടൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആക്ഷേപിക്കുകയെന്ന തന്ത്രവുമാണെന്ന് അദ്ധേഹം പറഞ്ഞു.

കലാലയങ്ങളില്‍ തീവ്രവാദ ശൈലിയില്‍ കൊലപാതകം നടത്തിയും ഭീകരത സൃഷ്ടിച്ചും ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌. മുസ്ലീം തീവ്രവാദ സംഘടനകളുടെ രക്ഷാകര്‍തൃത്വത്തിലുള്ള ഈ സംഘടന ക്യാമ്ബസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കഴിയണം. ക്യാമ്ബസുകളെ വര്‍ഗ്ഗീയ- തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്‌. ക്യാമ്ബസുകളില്‍ വിദ്യാര്‍ത്ഥി സമൂഹം നടത്തുന്ന ന്യായമായ ഇടപെടലുകള്‍ക്ക്‌ പൊതുസമൂഹത്തിന്റെ പൂര്‍ണ്ണപിന്തുണ ഉറപ്പ്‌ നല്‍കുന്നു.

നിര്‍ദ്ധന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു അഭിമന്യു. തികച്ചും ദരിദ്രമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും ഉന്നവിദ്യാഭ്യാസം തേടിയെത്തിയ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയെയാണ്‌ ഈ തീവ്രവാദ ശക്തികള്‍ അരിഞ്ഞു വീഴ്‌ത്തിയത്‌. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉശിരനായ ഈ പ്രവര്‍ത്തകനെ നോട്ടമിട്ട്‌ ആസൂത്രണം ചെയ്‌തതാണ്‌ ഈ കൊലപാതകം. അഭിമന്യുവിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. ഇതിന്റെ പിന്നില്‍ നടന്ന എല്ലാ ഗൂഢാലോചനകളും അനാവരണം ചെയ്യുന്നതരത്തിലുള്ള അന്വേഷണം നടത്തി കൊലായളി സംഘത്തെ പൂര്‍ണ്ണമായും അറസ്റ്റ്‌ ചെയ്‌ത്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ ഗവണ്‍മെന്റ്‌ കൈക്കൊള്ളണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നുവെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

NO COMMENTS