തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. റേഷന്‍ സമ്പ്രദായം അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭ പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, കേരളത്തിനവകാശപ്പെട്ട റേഷന്‍ വിഹിതം ഉറപ്പിക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറും വലിയ വീഴ്ച വരുത്തിയെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ശേഷം രാജ്ഭവന് സമീപം നടക്കുന്ന പൊതു സമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്നണി നേതാക്കളും എംഎല്‍എമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിഥികളും പങ്കെടുക്കും. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഎം – സിപിഐ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള വലിയ ഭിന്നതകള്‍ക്കിടെയാണ് റേഷന്‍ പ്രതിസന്ധി പ്രശ്‌നത്തില്‍ മുന്നണി സംവിധാനം സമരത്തിനൊരുങ്ങുന്നതെന്ന പ്രത്യകതയുമുണ്ട്.