സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം ; എൽഡിഎഫ്‌ 24 യുഡിഎഫ്‌ 12, ബിജെപി 6

25

കൊച്ചി : സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽ ഡി എഫ്‌ 24 യുഡിഎഫ്‌ 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു.

20 സീറ്റ്‌ ഉണ്ടായിരുന്ന എൽഡിഎഫ്‌ 24 ലേക്ക്‌ ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ്‌ 4 വാർഡുകൾ നഷ്‌ടപ്പെട്ട്‌ 12 ലേക്ക്‌ താഴ്‌ന്നു. ബിജെപിക്ക്‌ ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്‌. 3 എൽഡിഎഫ്‌ വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത്‌ ബിജെപിയും ജയിച്ചു.

പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത്‌ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫ്‌ വിജയിച്ചു. ഒരുവാർഡ്‌ യുഡിഎഫിൽ നിന്ന്‌ പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ്‌ പരാജയപ്പെടുത്തിയത്‌. യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം.

മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ എൽഡിഎഫ്‌ വിജയിച്ചു. റോബി ഏബ്രഹാമാണ് (സിപിഐ) വിജയി. തുല്ല്യ വോട്ട്‌ വന്നതിനെ തുടർന്ന്‌ നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. മനോജ് ചരളേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോന്നി പഞ്ചായത്തിലെ 18ാം വാര്‍ഡിൽ അര്‍ച്ചന ബാലന്‍ (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ പി ഗീതയെയാണ്‌ പരാജയപ്പെടുത്തിയത്‌. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയിൽ ഒരിടത്ത്‌ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫും വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്ക്കാട്‌ ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തി. കെ വി അഭിലാഷ് കുമാറാണ്‌ (സിപിഐ എം ) വിജയി. ഭൂരിപക്ഷം 634. സുഹൈർ (കോൺഗ്രസ് (ഐ) ആണ്‌ പരാജയപ്പെട്ടത്‌. ഹരീഷ് കാട്ടൂർ (ബിജെപി ) പി ചന്ദ്രബോസ് (സ്വതന്ത്രൻ) എന്നിവരും മത്സരിച്ചു.

സിപിഐ എമ്മിലെ അഡ്വ.എസ് രാജേഷിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്തിലെ 13 സീറ്റുകളിൽ 12 സീറ്റിലും വിജയിച്ചത് എൽ ഡി എഫ് ആണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്..

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡായ പെരുംതുരുത്തിൽ യുഡിഎഫിലെ എം വി സുനിൽകുമാർ ( കോൺഗ്രസ്‌ ) വിജയിച്ചു. സനൂപ് കുഞ്ഞുമോനെ (സിപിഐ) യാണ്‌ പരാജയപ്പെടുത്തിയത്‌.കോൺഗ്രസിലെ ബഷീർ ചക്കനാടന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ദീപു ചാക്കോമ്പള്ളി (ബിജെപി), അബ്ദുൽ ജബ്ബാർ ചക്കനാടൻ (എസ് ഡി പി ഐ) എന്നിവരും മത്സരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരസഭയുടെ 35-ാംവാർഡി ( അമ്പലം) ൽ ബിജെപിയുടെ സുരേഷ്‌ ആർ നായർ വിജയിച്ചു. ബിജെപി കൗൺസിലർ വിദേശത്തേക്ക്‌ പോയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫിന് 151 വോട്ടും ലഭിച്ചു. ഇത്തവണ സിപിഐ യുടെ സീറ്റിൽ എൽഡിഎഫ്‌ സ്വതന്ത്രനായി കെ മഹാദേവൻ, യുഡിഎഫിൽ കോൺഗ്രസ്‌ ഐ യുടെ എൻ എസ്‌ സുനിൽകുമാർ, എന്നിവർ മൽസരിച്ചിരുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിക്ക്‌ 222 വോട്ട്‌ ഭൂരിപക്ഷമുണ്ടായിരുന്നു.

ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്ത്‌ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽ ഡി എഫ്‌ വിജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡ്‌ 30 വർഷത്തിന്‌ ശേഷം യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫിലെ ജിൻസി സാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫി ലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. ജിൻസി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബി ജെ പി യി ലെ കെ കെ ഷൈനി മോൾ 59 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിലെ ബിന്ദു സജീവ് വിദേശത്ത് പോയതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ് .

അയ്യപ്പൻ കോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേമ്പളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ഷൈമോൾ രാജൻ വിജയിച്ചു, യു ഡി എഫിലെ സുനിത ബിജു എൻ ഡി എ യിലെ സി എച്ച് ആശാമോൾ എന്നിവരാണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റിൽ എട്ടും നേടി എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡണ്ടായിരുന്ന സി പി ഐ യിലെ മിനിമോൾ നന്ദകുമാർ രാജിവെച്ചതോടെയായിരുന്നു തെരഞ്ഞെടുപ്പ്‌.

ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ആണ്ടവൻകുടി വാർഡിൽ നിമലാവതി കണ്ണൻ (ബിജെപി) വിജയിച്ചു. പാർവ്വതി പരമശിവൻ (എൽഡിഎഫ്‌) രമ്യ ഗണേഷൻ (യുഡിഎഫ്‌) എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർഥികൾ. ബിജെപി അംഗം കാമാക്ഷിയുടെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്‌ പഞ്ചായത്ത്‌ 11 -ാം വാർഡ്‌ (വെമ്പിള്ളി) യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ ഒ ബാബുവാണ്‌ വിജയി. പി പി ജോർജ് (യുഡിഎഫ്) എൽദോ പോൾ (ട്വന്റി20) എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർഥികൾ. ആകെയുള്ള 19 സീറ്റിൽ 11ൽ ട്വന്റി – 20, അഞ്ചിടത്ത് യുഡിഎഫ്‌, ഒന്നിൽ എൽഡിഎഫ്‌ എന്നതാണ്‌ കക്ഷിനില. കോൺഗ്രസ് അംഗമായിരുന്ന ജോസ് ജോർജ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത്‌ 62-ാംഡിവിഷനിൽ പത്മജ എസ് മേനോൻ (ബിജെപി) വിജയിച്ചു. ‌അശ്വതി എസായിരുന്നു എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി. അനിത വാര്യർ ആണ്‌ യുഡിഎഫിൽ നിന്ന്‌ മത്സരിച്ചത്‌. ബിജെപി അംഗം മിനി ആർ മേനോൻ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്‌. 2015ൽ കോൺഗ്രസിന്റെ സീറ്റായിരുന്നു. 74 അംഗ കൗൺസിലിൽ എൽഡിഎഫിന്‌ സ്വതന്ത്രരുടെ ഉൾപ്പെടെ 38 പേരുടെ പിന്തുണയുണ്ട്‌. യുഡിഎഫ്‌-31, ബിജെപി -4 എന്നിങ്ങനെയാണ്‌ കക്ഷിനില.

തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനിൽ (ഇളമനത്തോപ്പ്) ബിജെപി സ്ഥാനാർഥി വള്ളി രവി വിജയിച്ചു. പ്രതീഷ് ഇ ടി (എൽഡിഎഫ്), ഷിബു മലയിൽ (യുഡിഎഫ്), എന്നിവരെയാണ്‌ പരാജയപ്പെടുത്തിയത്‌. ‌‌സിപിഐ എം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലായിരുന്നു.

46-ാം ഡിവിഷനിൽ (പിഷാരി കോവിൽ) രതി രാജു (ബിജെപി) വിജയിച്ചു. സംഗീത സുമേഷ്‌ (എൽഡിഎഫ്‌) , ശോഭന തമ്പി (യുഡിഎഫ്), എന്നിവരാണ് പരാജയപ്പെട്ടത്‌. എൽഡിഎഫ്‌ അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌.

നെടുമ്പാശേരി പഞ്ചായത്ത് 17-ാംവാർഡിൽ (അത്താണി ടൗൺ) ജോബി നെൽക്കര (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി. ഡോ. എം പി ആന്റണിയെയാണ്‌ പരാജയപ്പെടുത്തിയത്‌. ജോഷി പൗലോസ് ആയിരുന്നു ബിജെപി സ്ഥാനാർഥി. കോൺഗ്രസ് അംഗം പി വൈ വർഗീസ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തെ പിന്നീട്‌ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. ആകെയുള്ള 19 സീറ്റിൽ എൽഡിഎഫ്‌-9, കോൺഗ്രസ്-8, സ്വതന്ത്രൻ-1 എന്നതാണ്‌ കക്ഷിനില.

വാരപ്പെട്ടി പഞ്ചായത്ത്‌ വാർഡ് ആറില്‍ (മൈലൂര്‍) യുഡിഎഫിലെ കെ കെ ഹുസൈൻ വിജയിച്ചു. എൽഡിഎഫിലെ ഷിബു വര്‍ക്കിയെയാണ് തോൽപ്പിച്ചത്‌. യുഡിഎഫ് സ്വതന്ത്രൻ സി കെ അബ്‌ദുൽ നൂർ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്‌. 13 സീറ്റിൽ എൽഡിഎഫ്‌-3, യുഡിഎഫ്‌–-8, എൻഡിഎ–-1 എന്നതാണ്‌ കക്ഷിനില.‌
തൃശൂരിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻ നേട്ടം. ആറിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും എൽഡിഎഫ്‌ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ്‌ വിജയിച്ച തൃക്കൂർ ആലേങ്ങാട്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു.

വടക്കാഞ്ചേരി നഗരസഭ 13–-ാം ഡിവിഷൻ ഒന്നാംകല്ലിൽ മല്ലിക സുരേഷ്‌ യുഡിഎഫിലെ സിന്ധു സുബ്രഹ്മണ്യനെ 27 വോട്ടിന്‌ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഷീന രാജൻ, യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന്‌ പരാജയപ്പെടുത്തി.

തൃക്കൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്‌ ആലേങ്ങാടിൽ എൽഡിഎഫിലെ ലിന്റോ തോമസ്‌ അട്ടിമറി വിജയം കുറിച്ചു. യുഡിഎിലെ മാത്യു ഇലവുങ്കലിനെ 285 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. നിലവിൽ യുഡിഎഫ്‌ വിജയിച്ച വാർഡ്‌ എൽഡിഎഫ്‌ തിരിച്ചു പിടിക്കുകയായിരുന്നു.

മുരിയാട് പഞ്ചായത്തിൽ തുറവങ്കാട് വാർഡിൽ എൽഡിഎഫിലെ റോസ്മി ജയേഷ്‌ യുഡിഎഫിലെ ഷീജ ജോർജിനെ 45വോട്ടിനു പരാജയപ്പെടുത്തി.

കുഴൂർ പഞ്ചായത്തിലെ കുഴുർ സീറ്റ്‌ യുഡിഎഫ്‌ നിലനിർത്തി. എൽഡിഎഫിലെ ജെൻസൻ തെറ്റയിലിനെ യുഡിഎഫിലെ സേതുമോൻ ചിറ്റേത്ത് 185 വോട്ടിന്‌ പരാജയപ്പെടുത്തി. ഇവിടെ യുഡിഎഫിന്റെ നിലവിലെ ഭൂരിപക്ഷം കുറയുകയും ചെയ്‌തു.

പാലക്കാട്‌ ജില്ലയിൽ രണ്ട്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്ക്‌ ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാർഡ്‌ കൂടല്ലുർ ബിജെപിയിൽ നിന്ന്‌ സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ്‌ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഐ എമ്മിന്റെ ബിജീഷ്‌ കണ്ണൻ വിജയിച്ചത്‌. പോൾ ചെയ്‌ത വോട്ട്‌ – 793. ബിജീഷ്‌ കണ്ണൻ – 587. യുഡിഎഫ്‌ – 168, ബിജെപി – 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്‌ത വോട്ട്‌ – 1114. കെ മണികണ്ഠൻ – 559, ബിജെപി – 494, യുഡിഎഫ്‌ 61. രണ്ടിടത്തും എൽഡിഎഫാണ്‌ ഭരണത്തിൽ.

മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിൽ രണ്ടെത്തിൽ യുഡിഎഫും ഒന്നിൽ എൽഡിഎഫും ജയിച്ചു. വളളിക്കുന്ന്‌ പഞ്ചായത്ത്‌ ഒമ്പതാം വാർഡ്‌ യുഡിഎഫിൽ നിന്നും എൽഡിഎഫ്‌ പിടിച്ചെടുത്തപ്പോൾ ആലങ്കോട്‌ പഞ്ചായത്തിലെ ഉദിനു വാർഡ്‌ യുഡിഎഫ്‌ പിടിച്ചെടുത്തു. കണ്ണമംഗലം പഞ്ചായത്തിലെ 19 -ാം വാർഡ്‌ യുഡിഎഫ്‌ നിലനനിർത്തി.

വള്ളിക്കുന്ന്‌ പരുത്തിക്കാട്‌ മേലയിൽ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റിൽ എൽഡിഎഫ്‌ സ്ഥാനാർഥി പി എം രാധാകൃഷ്‌ണൻ 280 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. യുഡിഎഫ്‌ അംഗമായിരുന്ന കെ വിനോദ്‌കുമാർ രാജിവെച്ച ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌. നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത്‌ എൽഡിഎഫാണ്‌. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫന്‌ 14 അംഗങ്ങളും യുഡിഎഫിന്‌ ഒമ്പത്‌ അംഗങ്ങളുമാണുള്ളത്‌.

ആലങ്കോട്‌ ഉദിനു വാർഡിൽ യുഡിഎഫിലെ ശശി പൂക്കേപ്പുറത്ത്‌ 215 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌. കണ്ണമംഗലം 19–-ാം വാർഡിൽ യുഡിഎഫിലെ സി കെ അഹമ്മദ്‌ 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ജയിച്ചത്‌.

കോഴിക്കോട്‌ കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡിഎഫ് സ്ഥാനാർഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാർഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ്‌ വിജയിച്ചത്‌.

വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എൽ ഡി എഫിൻ്റ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്‌അംഗവുമായ കെ സി സോജിത്താണ് സിപിഐ എം സ്ഥാനാർഥിയായി നിർത്തിയത്. ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആർഡിയിലും പ്രവർത്തിച്ചിരുന്ന സോജിത്തിൻ്റെ ജനകീയതയാണ് എൽഡിഎഫിന് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.

കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 5 വാർഡുകളിൽ മൂന്നിടത്തും എൽഡിഎഫിന്‌ വൻ വിജയം. യുഡിഎഫും ബിജെപിയും ഓരോ വാർഡ്‌ വീതം നേടി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയൂർ, മുഴുപ്പിലങ്ങാട്‌ പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാർഡുകളിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌.മുതിയലത്ത്‌ സിപിഐ എമ്മിലെ പി ലതയും പുല്ലാഞ്ഞിയോട് വാർഡിൽ എൽഡിഎഫിലെ വി രമ്യയും തെക്കേ കുന്നുംപുറത്ത്‌ എൽഡിഎഫിലെ കെ രമണിയും വിജയിച്ചു.

കണ്ണൂർ കോർപറേഷനിലെ കക്കാട്‌ വാർഡിൽ മുസ്‌ലിം ലീഗിലെ പി കൗലത്തും മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലിയിൽ ബിജെപിയുടെ ഷിജു ഒറോകണ്ടിയും സീറ്റ്‌ നിലനിർത്തി.

NO COMMENTS