അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ബി ജെ പി എം എല്‍ എ യായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസില്‍ പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേല്‍ മുഖ്യപ്രതിയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാഷ്ട്രീയ വൈരാഗ്യം മൂലം ഇയാള്‍ ഭാനുശാലിയെ വാടകക്കൊലയാളികളെ കൊണ്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജനുവരി എട്ടിനാണ് നബുജില്‍ നിന്നും അഹമ്മാദാബാദിലേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ വെടിയേറ്റ് ഭാനുശാലി കൊല്ലപ്പെടുന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദാസയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഛബില്‍ പട്ടേലും ഭാനുശാലിയുടെ എതിരാളിയായ പൊതുപ്രവര്‍ത്തക മനീഷ ഗോസ്വാമിയും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തതെന്ന് എഡിജിപി അജയ് തോമര്‍ പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ വാടകക്കൊലയാളികളായ അഷറഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൃത്യം നടത്തിയത്. ഭാനുശാലി സഞ്ചരിച്ചിരുന്ന എസി കോച്ചില്‍ കടന്ന് കൊല നടത്തിയ സംഘം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുകയായിരുന്നു.
2007ല്‍ അബ്ദാസയിലെ എംഎല്‍എയായിരുന്നു ഭാനുശാലി. അന്ന് കോണ്‍ഗ്രസിലായിരുന്ന ഛബില്‍ 2012ല്‍ ഭാനുശാലിയെ തോല്‍പിച്ച് എംഎന്‍എ ആകുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് 2017ല്‍ ഛബിലിന് സീറ്റ് ലഭിച്ച് മത്സരിച്ചുവെങ്കിലും തോറ്റു. എന്നാല്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ഭാനുശാലിയാണെന്ന് ഛബില്‍ ആരോപിച്ചിരുന്നു. ശേഷം ഭാനുശാലിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തുകയുണ്ടായി. ഇതോടെ ഇദ്ദേഹം രാജി വെക്കുകയും ചെയ്തു. കച്ച് ജില്ലയിലെ ബി ജെ പി വൈസ് പ്രസിഡന്റായിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
സംഭവത്തിന് ശേഷം ഛബില്‍ പട്ടേല്‍ യുഎസിലേക്ക് പോകുകയും കൊലയാളികള്‍ പൂനെയിലേയ്ക്ക് തിരികെ പോകുകയും ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരെ സഹായിച്ച മറ്റ് രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.