ദില്ലി: കശ്മീരിനെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുവാനും ഇടതുപാര്‍ട്ടികള്‍ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ഡി രാജ, ദീപങ്കാര്‍ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രകടനം നടത്തിയ ഇടതുനേതാക്കളെ പോലീസ് തടഞ്ഞു. മോദിയുടെ കോലവുമേന്തിയായിരുന്നു പ്രകടനം. ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് കശ്മീരില്‍ സംഭവിച്ചിരിക്കുന്നതെന്നും ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണിതെന്നും വൃദ്ധ കാരാട്ട് പറഞ്ഞു.
രാജ്യം ഫാഷിസ്റ്റ് ഭരണകൂടത്തിന് കീഴിലായി എന്ന് ഡി രാജ കുറ്റപ്പെടുത്തി. കശ്മീരിനെ രണ്ടായി വിഭജിക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി, പുതുച്ചേരി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.
അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷാ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.
വിഭജനത്തിന് പറയുന്ന ചില കാരണങ്ങള്‍ ഇങ്ങനെയാണ്. കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക് വലിയ ഭൂപ്രദേശമാണ്. ഈ മേഖല പ്രത്യേക പ്രദേശമാക്കണമെന്ന് ഏറെ കാലമായുള്ള ആവശ്യമാണെന്നും അതാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും അമിത് ഷാ വിശദീകരിച്ചു. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്ബതാകും.