കാസറകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16 ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് നോട്ടീസ് അടിച്ചിറക്കി വിതരണം ചെയ്തുവെന്ന ചിറ്റാരിക്കലിലെ .കൊട്ടാരത്തില്‍ സണ്ണിയുടെയും 16 ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന ചിറ്റാരിക്കലിലെ ജോണി സെബാസ്റ്റ്യന്റെയും പരാതികെള തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും പരാതി നിയമ നടപടിക്കായി പോലീസിന് കൈമാറാനും തീരുമാനിച്ചു.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ മോണിറ്ററിങ് കമ്മിറ്റി കണ്‍വീനര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, അംഗങ്ങളായ ജില്ലാ പോലീസ് മേധാവി ഡി ശില്പ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രാമേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.
സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ്: വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം
സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള കോവിഡ്-19 പോസിറ്റീവായവര്‍, ക്വാറന്‍ൈറനില്‍ കഴിയുന്നവര്‍ എന്നിവര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍, ബൂത്ത് ക്രമനമ്പര്‍ എന്നിവ പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. വരണാധികാരികള്‍ മുഖേന ഇവര്‍ക്ക് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിന് ഈ വിവരങ്ങള്‍ ആവശ്യമാണ്.
ബൂത്തുകളില്‍ വീഡിയോഗ്രാഫി: അപേക്ഷ അഞ്ച് വരെ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളില്‍ വീഡിയോഗ്രാഫി ആവശ്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ചെയ്യാവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിന് രണ്ട് ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ 3700 രൂപ വേതനമായി നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന വീഡിയോഗ്രാഫുകള്‍ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അവകാശപ്പെട്ടതാണ്. വീഡിയോഗ്രാഫി ആവശ്യമുള്ളവര്‍ നിശ്ചിത തുക ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പേരിലുള്ള ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 799011400006573 ല്‍ ഒടുക്കി വറി ലിസ്റ്റ് സഹിതം ഡിസംബര്‍ അഞ്ച് വൈകീട്ട് അഞ്ചിന് മുമ്പായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം.
തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റിലെത്തിയ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി ജില്ലാ പോലീസ് മേധാവിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 12 വൈകീട്ട് മൂന്ന് മണി വരെയാണ് സ്വീകരിക്കുകയെന്ന് നിരീക്ഷകനെ അറിയിച്ചു. കോവിഡ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിനായി മറ്റ് ജില്ലകളില്‍നിന്ന് ഇതുവരെ ആറ് അപേക്ഷകളാണ് ലഭിച്ചത്.
കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുക. ഫോം നമ്പര്‍ 19ലാണ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുക. വോട്ട് ചെയ്ത ബാലറ്റുകള്‍ വോട്ടെണ്ണല്‍ദിനം രാവിലെ എട്ട് മണി വരെ സ്വീകരിക്കും.
ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ അച്ചടിച്ച് എത്തിയതായി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ചും ധരിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവീദാസ്, തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.