തിരുവനന്തപുരം• ലോ അക്കാദമി ലോ കോളജിനു മുന്നിലുള്ള സമരപ്പന്തലുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കോടതിയെ സമീപിച്ചു. കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. അതേസമയം, സമരം ചെയ്യുന്നവരും മാനേജുമെന്റുമായി ചര്‍ച്ച നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോളജില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും കോളജ് ഡയറക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു കടുപ്പിച്ചതോടെയാണ് വിട്ടുവീഴ്ചയ്ക്ക് നാരായണന്‍ നായര്‍ തയാറായത്. അതേസമയം, അച്ഛന്‍ പറഞ്ഞാല്‍ മാത്രം രാജിയെന്നാണ് ലക്ഷ്മി നായരുടെ നിലപാട്.