പേരൂര്‍ക്കട: കാണണമെന്നാവശ്യപ്പെട്ട് സിപിഐ ആസ്ഥാനത്തു നിന്ന് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. താന്‍ ഇപ്പോള്‍ സ്വന്തം കാര്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് പിതാവിനൊപ്പം പോകുകയായിരുന്നു. താന്‍ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയില്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
പിതാവ് നാരായണന്‍ നായരാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത്. താന്‍ കാറില്‍ത്തന്നെ ഇരിക്കുകയായിരുന്നെന്നും ലക്ഷ്മി നായര്‍ പറയുന്നു. എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് തന്നോട് വ്യക്തിവിരോധമുണ്ട്.
അതാണ് പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. താന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണം. സ്വന്തം നാട്ടില്‍ നിന്നു തന്നെ താന്‍ പോരാടുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.
പേരൂര്‍ക്കടയിലെ ലോ അക്കാദമയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സഹായം തേടി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തപ്പെട്ട ലക്ഷ്മി നായരെത്തിയെന്നായിരുന്നു വാര്‍ത്ത. പിതാവും കോളജ് ഡയറക്ടറുമായ നാരായണന്‍ നായരും സിപിഐ ആസ്ഥാനതെത്തി. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇരുവരുടെയും അഭ്യര്‍ത്ഥന നിഷ്കരുണം തള്ളിയതായും സിപിഐ വൃത്തങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതോടെയാണ് ഈ വാര്‍ത്ത ചാനലുകളില്‍ എത്തിയത്. എല്ലാ പത്രങ്ങളും പ്രധാന്യത്തോടെ നല്‍കി. ഇതാണ് ലക്ഷ്മി നായര്‍ തള്ളിക്കളയുന്നത്.