കാസറഗോഡ് : ജില്ലയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പടെ 26 കുഷ്ഠരോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കിവരുന്നതായി ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. കെ.കെ ഷാന്റി അറിയിച്ചു.. എ ഡി എം, എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടത്തിയ കുഷ്ഠരോഗ നിര്‍ണയ പരിപാടി ആലോചന യോഗത്തിലാണ് ഈ വിവരം അറിയിച്ചത്. ഈ മാസം 14 മുതല്‍ 27 വരെ കുഷ്ഠരോഗ നിര്‍ണയ പരിപാടി വീണ്ടും നടത്തും .സമൂഹത്തില്‍ ഒളിഞ്ഞ് കിടക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തീവ്രയജ്ഞ പരിപാടിയായ അശ്വമേധത്തിന്റെ രണ്ടാം ഘട്ടമാണിത്.
പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഭവന സന്ദര്‍ശനം നടത്തി കുഷ്ഠരോഗ സംബന്ധമായ ത്വക് രോഗ പരിശോധന നടത്തും. ഒരു ആശാ പ്രവര്‍ത്തകയും ഒരു പുരുഷ സന്നദ്ധ പ്രവര്‍ത്തകനും അടങ്ങുന്നതാണ് ടീം. ജില്ലയില്‍ 1634 ടീമുകളെ സജ്ജമാക്കി. രോഗം സംശയിക്കുന്നവരെ വിശദമായി പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരേയും ചുമതലപ്പെടുത്തി.
രോഗികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.ജില്ലയെ കുഷ്ഠരോഗവിമുക്തമാക്കുന്നതിനുള്ള മഹായജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് എ ഡി എം അഭ്യര്‍ത്ഥിച്ചു. കുഷ്ഠരോഗം ആരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം മൂലമുള്ള അംഗവൈകല്യം വരുന്നത് തടയാന്‍ കഴിയും. ഏതു ഘട്ടത്തില്‍ കണ്ടുപിടിച്ചാലും രോഗം ചികിത്സിച്ച് പരിപൂര്‍ണമായി ഭേദമാക്കാനാകും.
യോഗത്തില്‍ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.മുരളീധരനല്ലുരായ ,ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ പി.ടി.അനന്തകൃഷ്ണന്‍, ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസര്‍ മീനാറാണി ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത് , ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍ എസ് വി ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കൃഷ്ണരാജ് ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.