എലിപ്പനി രോഗനിർണയത്തിന് ലെപ്‌റ്റോ ആർടിപിസിആർ 6 ലാബുകളിൽ: മന്ത്രി വീണാ ജോർജ്

24

എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് ആറു ലാബുകളിൽ ലെപ്‌റ്റോസ്‌പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്.

പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെൽത്ത് ലാബുകളിൽ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കുന്നതാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അടുത്തുതന്നെ ഈ സംവിധാനം സജ്ജമാക്കും. എലിപ്പനി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വളരെ വേഗം രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും പബ്ലിക് ഹെൽത്ത് ലാബുകളിലും എലിപ്പനി രോഗനിർണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തിൽ വൈറസ് കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാൽ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താൻ സാധിക്കൂ. അതേസമയം ലെപ്‌റ്റോസ്‌ പൈറോസിസ് ആർടിപിസിആർ പരിശോധനയിലൂടെ വൈറസ് ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകും.

NO COMMENTS