പറവൂര്‍: വോട്ടുപിടിത്തത്തിനിടെ കോടതി മുറിയില്‍ കയറിയ എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. വ്യാഴാഴ്ച രാവിലെ പറവൂരിലെത്തിയ കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദമായത്. കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം.
പറവൂര്‍ ബാര്‍ അസോസിയേഷന് പരിസരത്ത് വോട്ടഭ്യര്‍ഥിച്ച് എത്തിയതായിരുന്നു കണ്ണന്താനം. അവിടെനിന്ന് സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിയിലുണ്ടായിരുന്നു. എന്നാല്‍ ആ സമയം ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. കണ്ണന്താനം പുറത്തിറങ്ങിയ ശേഷമാണ് ജഡ്ജി കോടതി മുറിയിലെത്തിയത്.
സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് ബാര്‍ അസോസിയേഷന് അറിയിച്ചു. എന്നാല്‍ കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്ഥിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ നല്കുന്ന വിശദീകരണം.